Begin typing your search above and press return to search.
വില്‍പ്പന ഉയര്‍ന്നു, ഓഹരി വിപണിയിലും കുതിച്ച് ടാറ്റ മോട്ടോഴ്‌സ്
ജുലൈ മാസത്തെ വാഹന വില്‍പ്പനയില്‍ വന്‍കുതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്. മൊത്തം വില്‍പ്പനയില്‍ 51.12 ശതമാനം വര്‍ധനവാണ് വാഹന നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയത്. അതായത്, 81,790 യൂണിറ്റുകളുടെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലായി 54,119 യൂണിറ്റുകളായിരുന്നു ടാറ്റ മോട്ടോഴ്‌സ് വിറ്റഴിച്ചത്. മൊത്തം ആഭ്യന്തര വില്‍പ്പന 2021 ജൂലൈയിലെ 51,981 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം 78,978 യൂണിറ്റായിരുന്നു, 52 ശതമാനം വളര്‍ച്ച.
ആഭ്യന്തര വിപണിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 57 ശതമാനം വര്‍ധിച്ച് 30,185 യൂണിറ്റില്‍ നിന്ന് 47,505 യൂണിറ്റായും ഉയര്‍ന്നു. പാസഞ്ചര്‍ ഇലക്ട്രിക് വാഹന വില്‍പ്പന 4,022 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 604 യൂണിറ്റായിരുന്നെന്നും കമ്പനി അറിയിച്ചു. ആഭ്യന്തര വിപണിയില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 21,796 യൂണിറ്റില്‍ നിന്ന് 2022 ജൂലൈയില്‍ 31,473 യൂണിറ്റായി ഉയര്‍ന്നതായും കമ്പനി പറഞ്ഞു.
അതേസമയം, വില്‍പ്പന ഉയര്‍ന്നതോടെ ഓഹരി വിപണിയിലും ടാറ്റ മോട്ടോഴ്‌സ് കുതിച്ചു. ഇന്ന് 6.77 ശതമാനം അഥവാ 30.45 രൂപയുടെ നേട്ടത്തോടെ 480.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.51 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച ഈ ഓഹരി ഒരുമാസത്തിനിടെ 17.53 ശതമാനത്തിന്റെ വളര്‍ച്ചയും നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Next Story