2024ല്‍ ലക്ഷ്യമിടുന്നത് ഇവി വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വര്‍ധന, ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പദ്ധതികള്‍ ഇങ്ങനെ

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ (Electric Vehicle Markets) വമ്പന്മാരായ ടാറ്റ മോട്ടോഴ്‌സ് വന്‍ പദ്ധതികളുമായി രംഗത്ത്. 2023-24 വര്‍ഷാവസാനത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. 77-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഞങ്ങളുടെ ഇവി വില്‍പ്പന (EV Sales) വളരെ പ്രധാനപ്പെട്ട നിരക്കില്‍ വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ വര്‍ഷം 50,000 കാറുകളും അടുത്ത വര്‍ഷം 100,000 കാറുകളും മറികടക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം''കമ്പനിയുടെ ഇവി ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചന്ദ്രശേഖരന്‍ പറഞ്ഞു.
നിലവില്‍ കമ്പനിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇവി വിഭാഗത്തില്‍നിന്നാണ്. ഇത് 50-60 ശതമാനമായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെങ്കിലും അതിന് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാറ്റ മോട്ടോഴ്സിന്റെ (Tata Motors) മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പന (ഇവികള്‍ ഉള്‍പ്പെടെ) ഈ വര്‍ഷം 500,000 യൂണിറ്റുകള്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 370,372 യൂണിറ്റുകളായിരുന്നു.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പന ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ആയിരം യൂണിറ്റുകളാണ് വിറ്റിരുന്നതെങ്കില്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ അത് 5000 യൂണിറ്റായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ 19,500 ഇവികളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റഴിച്ചത്. 2022 ന്റെ ആദ്യ പകുതിയില്‍ 18,378 യൂണിറ്റുകള്‍ വിതരണം ചെയ്തതായും ടാറ്റ മോട്ടോഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it