ബ്രിട്ടീഷ് ആഡംബര വൈദ്യുത കാറുകള്‍ ഇന്ത്യന്‍ നിരത്തിലിറക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

ഇറക്കുമതി നികുതി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ പുത്തന്‍ വാഹന നയത്തിന് കീഴില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) ആഡംബര വൈദ്യുത കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

യു.കെയില്‍ നിന്ന് ജെ.എല്‍.ആര്‍ വൈദ്യുത കാറുകള്‍ ഇറക്കുമതി ചെയ്യാനുള്ള പദ്ധതികള്‍ ടാറ്റ ശക്തമാക്കുന്നതിനോടെപ്പം തമിഴ്നാട്ടിൽ 8,400 കോടി രൂപ മുടക്കി നിർമിച്ച പ്ലാന്റില്‍ ജെ.എല്‍.ആര്‍ കാറുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ഇന്ത്യയുടെ പുത്തന്‍ വാഹന നയം പ്രകാരം രാജ്യത്ത് 500 മില്യണ്‍ ഡോളറിന്റെ (4150 കോടി രൂപ) നിക്ഷേപം നടത്തുകയും ഫാക്ടറി സ്ഥാപിക്കുകയും ചെയ്യുന്ന വൈദ്യുത വാഹന നിര്‍മാതാക്കളുടെ ചില മോഡലുകള്‍ക്ക് ഇറക്കുമതി തീരുവ 15 ശതമാനമായി വെട്ടി കുറയ്ക്കും. നിലവിലിത് 100 ശതമാനമാണ്.

ടാറ്റയും ജെ.എല്‍.ആറും പുത്തന്‍ നയത്തിന് കീഴില്‍ ഇന്‍സെന്റീവിന് അപേക്ഷിച്ചേക്കും. ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സാണ് ആധിപത്യം പുലര്‍ത്തുന്നത്.

2030ഓടെ 30 ശതമാനം ലക്ഷ്യം

പുതിയ നയത്തിന്റെ ചട്ടക്കൂട് അന്തിമമാക്കുന്നതിന് കേന്ദ്രം ഹ്യൂണ്ടായ്, വിന്‍ഫാസ്റ്റ്, ഫോക്സ്വാഗണ്‍, ബി.എം.ഡബ്ല്യു, മെഴ്സിഡീസ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട, ടെസ്‌ല തുടങ്ങി വിവിധ വാഹന കമ്പനികളുടെ പ്രതിനിധികളുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ടെസ്‌ലയും വൈകാതെ രാജ്യത്ത് നിക്ഷേപം നടത്തുമെന്നും കാറുകള്‍ ഇറക്കുമതി ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2023ലെ മൊത്തം കാര്‍ വില്‍പ്പനയുടെ 2 ശതമാനം വൈദ്യുത മോഡലുകളാണ്. 2030ഓടെ ഇത് 30 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it