ലക്ഷ്യം വില്‍പ്പനയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനം: വന്‍ പദ്ധതികളുമായി ടാറ്റാ മോട്ടോഴ്‌സ്

രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിയിലെ വമ്പന്മാരാണ് ടാറ്റാ മോട്ടോഴ്‌സ്. തങ്ങളുടെ ആദ്യ ഇലക്ട്രിക് പാസഞ്ചര്‍ വാഹനമായ നെക്‌സണ്‍ ഇവിക്ക് വലിയ ജനപ്രീതിയാണ് മുംബൈ ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ വാഹന വില്‍പ്പനയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തമെന്ന ലക്ഷ്യത്തോടെ നീങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി വന്‍പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത്.

എല്ലാ വര്‍ഷവും ഒന്നോ രണ്ടോ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി 2025 ഓടെ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്‌ഫോളിയോയില്‍ 10 വാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന ബിസിനസിനായി മൂലധനം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ആകെ വില്‍പ്പനയുടെ നാലിലൊന്നാക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. 76-ാമത് ആന്വല്‍ ജനറല്‍ മീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇലക്ട്രിക് വാഹന ബിസിനസില്‍ ടാറ്റ മോട്ടോഴ്‌സ് നടത്താന്‍ ഉദ്ദേശിക്കുന്ന നിക്ഷേപങ്ങളുടെ വ്യാപ്തി ചന്ദ്രശേഖരന്‍ വിശദീകരിച്ചിട്ടില്ല. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 3,000 മുതല്‍ 3,500 കോടി രൂപ വരെ മൂലധനച്ചെലവ് അണിനിരത്തിയിട്ടുണ്ടെന്ന് അദ്ദേഹം പരമാര്‍ശിച്ചിട്ടുണ്ട്. നിലവില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ ആകെ വില്‍പ്പനയില്‍ രണ്ട് ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം. ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയുടെ സിംഹഭാഗവും ടാറ്റയ്ക്കാണ്. ആഭ്യന്തര ഇവി വിപണിയുടെ 77 ശതമാനവും ടാറ്റയുടെ വാഹനങ്ങളാണ്. 2020 ന്റെ തുടക്കത്തില്‍ അവതരിപ്പിച്ചതിന് ശേഷം, നെക്സണ്‍ 4000 -ത്തിലധികം യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്.


Related Articles
Next Story
Videos
Share it