ബംഗാളില്‍ നിന്ന് പുറത്താക്കിയതിന് ടാറ്റയ്ക്ക് ₹1,618 കോടി രൂപ നഷ്ടപരിഹാരം

ടാറ്റ മോട്ടോഴ്സ് നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായ സിംഗൂര്‍-നാനോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ 1,618 കോടി രൂപ നഷ്ടപരിഹാരം പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ഈടാക്കാന്‍ ആര്‍ബിട്രേഷന്‍ പാനല്‍ വിധിച്ചു. 2016 സെപ്തംബര്‍ 1 മുതല്‍ 766 കോടി രൂപയും പ്രതിവര്‍ഷം 11% പലിശയും ചേർത്താൽ ഏകദേശം 1,618 കോടി രൂപ വരും. ടാറ്റ മോട്ടോഴ്‌സിന് ഉണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ അര്‍ഹതയുണ്ടെന്ന് മൂന്നംഗ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ ഏകകണ്ഠമായി വിധിച്ചു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം

ടാറ്റ 'നാനോ' മോഡല്‍ പുറത്തിറക്കുന്നതിനായി കാര്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ 2006ല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1,000 ഏക്കറോളം ഭൂമി അനുവദിച്ചു. തുടര്‍ന്ന് ടാറ്റ മോട്ടോഴ്സ് സിംഗൂരില്‍ പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചു.എന്നാല്‍ അന്ന് പ്രതിപക്ഷത്തായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഭൂമി ഏറ്റെടുക്കലിനെതിരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

മാസങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്ക് ശേഷം ടാറ്റ ഗ്രൂപ്പ് 2008 ഒക്ടോബറില്‍ സ്ഥലമെടുപ്പിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് കമ്പനി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്ന് ഗുജറാത്തിലെ സനന്ദിലേക്ക് നാനോ പദ്ധതി മാറ്റി. എന്നാല്‍ ഈ പ്രശ്‌നം കമ്പനിയും പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടമായി മാറി. സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ 2011ലെ നിയമത്തെ കമ്പനി ചോദ്യം ചെയ്തിരുന്നു. 2012 ജൂണില്‍ കല്‍ക്കട്ട ഹൈക്കോടതി സിംഗൂര്‍ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ഭൂമി പാട്ടക്കരാര്‍ പ്രകാരം കമ്പനിയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് ശേഷവും ടാറ്റ മോട്ടോഴ്സിന് ഭൂമി ലഭിച്ചില്ല. 2012 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.2016 ഓഗസ്റ്റില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നാനോ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ഭൂമി ഭൂവുടമകള്‍ക്ക് തിരികെ നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഏറ്റെടുക്കല്‍ നിയമവിരുദ്ധമായി കണക്കാക്കിയാല്‍ മൂലധനച്ചെലവില്‍ കമ്പനിക്കുണ്ടായ നഷ്ടം സംസ്ഥാനം നല്‍കുമെന്ന വ്യവസ്ഥ ഈ പാട്ടക്കരാറില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയെ നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി വന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it