ഫുള്‍ ചാര്‍ജില്‍ പോകാം കൊച്ചിയില്‍നിന്ന് മൈസൂരുവിലേക്ക്, നെക്‌സോണ്‍ ഇവി മാക്‌സുമായി ടാറ്റ

പൂര്‍ണ ചാര്‍ജില്‍ മികച്ച ദുരപരിധി വാഗ്ദാനം ചെയ്യുന്ന നെക്‌സോണ്‍ ഇവി മാക്‌സുമായി ടാറ്റ മോട്ടോഴ്‌സ്. നെക്സോണ്‍ ഇവിയുടെ പുതിയ പതിപ്പ് ഇന്ന് പുറത്തിറക്കി. XZ+, XZ+ Lux എന്നീ രണ്ട് വേരിയന്റുകളിലാണ് നെക്‌സോണ്‍ ഇവിയുടെ പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. രണ്ട് വേരിയന്റുകളും രണ്ട് ചാര്‍ജര്‍ ഓപ്ഷനുകളിലാണ് വരുന്നത്.

17.74 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വില വരുന്ന നെക്‌സോണ്‍ ഇവി മാക്‌സ് XZ+ പതിപ്പില്‍ 3.3 kW ചാര്‍ജര്‍ ഓപ്ഷനാണുള്ളത്. 7.2 kW എസി ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷനുള്ള അതേ മോഡല്‍ 18.24 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. 3.3 kWചാര്‍ജര്‍ ഓപ്ഷനോടെ വരുന്ന നെക്‌സോണ്‍ ഇവി XZ+ Lux ന് 18.74 ലക്ഷം രൂപയാണ് വില. 7.2 kW എസി ഫാസ്റ്റ് ചാര്‍ജറിന് 19.24 ലക്ഷം രൂപയും നല്‍കേണ്ടി വരും. Intensi-Teal (Maxന് മാത്രം), Daytona Grey, Pristine White മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് നെക്‌സോണ്‍ ഇവിയുടെ പുതിയ പതിപ്പെത്തുന്നത്.
40.5 kWH ബാറ്ററിയാണ് നെക്‌സോണ്‍ ഇവി മാക്‌സില്‍ ഒരുക്കിയിരിക്കുന്നത്. ഇത് സാധാരണ നെക്‌സോണ്‍ ഇവിയുടെ 30.2 kWh നേക്കാള്‍ 33 ശതമാനം വലുതാണ്. അതിനാല്‍ തന്നെ പൂര്‍ണ ചാര്‍ജില്‍ 437 കിലോമീറ്റര്‍ ദൂരപരിധിയാണ് ഈ മോഡലിന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. 50 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 56 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാമെന്നതും നെക്‌സോണ്‍ ഇവി മാക്‌സിന്റെ സവിശേഷതയാണ്. കാറിനൊപ്പം ലഭ്യമാകുന്ന 7.2 kW എസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു രാത്രി കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു. കമ്പനി പറയുന്നതനുസരിച്ച്, നെക്സോണ്‍ ഇവി മാക്സിന്റെ എഞ്ചിന്‍ 143 എച്ച്പി, 250 എന്‍എം ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
140 കിലോമീറ്ററാണ് കാറിന്റെ ഉയര്‍ന്ന വേഗത. സുരക്ഷയ്ക്കായി ഇഎസ്പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡിസ്‌ക് ബ്രേക്കും കമ്പനി നല്‍കുന്നുണ്ട്. ലെതറെറ്റ് വെന്റിലേറ്റഡ് സീറ്റുകള്‍, ജ്വല്ലെഡ് കണ്‍ട്രോള്‍ നോബ്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേഷന്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയുള്‍പ്പെടെ 30 പുതിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. 8 വര്‍ഷത്തെ 1,60,000 കിലോമീറ്റര്‍ ബാറ്ററിയും ഇലക്ട്രിക് മോട്ടോര്‍ വാറന്റിയും ഈ കാറിനുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it