പുതിയ ടാറ്റ നെക്‌സോണിന്റെ വില പുറത്ത്; വില മാരുതി ബ്രെസ്സയിലും താഴെ
ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ നെക്സോണ്‍ കാറുകള്‍ എത്തി. നെക്സോണ്‍ ഫെയ്സ്ലിഫ്റ്റും നെക്‌സണ്‍ ഇ.വി ഫെയ്സ്ലിഫ്റ്റും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. 2020ലാണ് കമ്പനി ആദ്യത്തെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചത്.
ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ്
നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈന്‍ കര്‍വ്, ഹാരിയര്‍ ഇ.വി എന്നിവയുടെ കണ്‍സെപ്റ്റിനോട് സമാനമാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഇതിന് കരുത്തേകുന്നത്. പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തില്‍ 170 Nm torque ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി 113 bhp പവറില്‍ 260 Nm torque വരെ നല്‍കും. അടിസ്ഥാന വേരിയന്റിന് 8.10 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ ടോപ്പ് എന്‍ഡ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 13.00 ലക്ഷം രൂപ വരെയാണ് വില.
വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മ്യൂസിക് സിസ്റ്റവും ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ഇതിലുണ്ട്. 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എ.സി വെന്റുകള്‍ എന്നിവയും ഇതില്‍ കാണാനാകും.
പെട്രോള്‍ മോഡല്‍ 4 ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ് - 5-സ്പീഡ്, 6-സ്പീഡ് മാനുവലുകള്‍, 6-സ്പീഡ് AMT, 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍.ഡീസല്‍ ഒരു മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എ.എം.ടിയുമായാണ് വരുന്നത്.ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എയ്റോ വീലുകളോട് സാമ്യമുള്ള പുതിയ അലോയ് വീലുകളാണ് ഇതിലുള്ളത്.
ടാറ്റ നെക്സോണ്‍ ഇ.വി ഫെയ്സ്ലിഫ്റ്റ്
ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ ഇലക്ട്രിക് കാറായ ടാറ്റ നെക്സോണ്‍ ഇ.വി ഫെയ്സ്ലിഫ്റ്റും ഇനി നിരത്തിലേക്കിറങ്ങുകയാണ്. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് ഇതെത്തിയിരിക്കുന്നത്. നെക്സോണ്‍ ഇ.വി ഫെയ്സ്ലിഫ്റ്റിന് വില 14.74 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ 19.94 ലക്ഷം രൂപ വരെയാണ്.
ടാറ്റ നെക്സോണ്‍ ഇ.വിയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ ഇളം വെള്ളയും ചാരനിറത്തിലുമുള്ള അപ്ഹോള്‍സ്റ്ററിയാണുള്ളത്. വില കൂടിയ വേരിയന്റുകളില്‍ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ പോലുള്ള ചില ഫീച്ചറുകളുണ്ട്. ഇവയൊഴികെ ഇന്റീരിയറില്‍ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ തന്നെയാണുള്ളത്.
എം.ആര്‍ (മീഡിയം റേഞ്ച്), എല്‍.ആര്‍ (ലോംഗ് റേഞ്ച്) വേരിയന്റുകളിലാണ് ഇത് വരുന്നത്. എം.ആര്‍ 129hp ഉം 215Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ LR 145hp ഉം 215Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.നെക്‌സോണ്‍ ഇ.വിയ്ക്ക് ഇപ്പോള്‍ V2V (വാഹനത്തില്‍ നിന്ന് വാഹനം) V2L (വാഹനത്തില്‍ നിന്ന് ലോഡ് ചെയ്യാന്‍) ചാര്‍ജിംഗ് സംവിധാനവും ലഭിക്കുന്നു. അതായത് നെക്‌സോണ്‍ ഇ.വി ഉപയോഗിച്ച് നിങ്ങള്‍ക്ക് മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളോ മറ്റൊരു ഇ.വിയോ ചാര്‍ജ് ചെയ്യാം.
ഈ നെക്‌സോണ്‍ ഇ.വിയില്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, അലക്സ, ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് ഇന്റഗ്രേഷന്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ സാങ്കേതിക വിദ്യകളുണ്ട്. 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, സബ് വൂഫറോടുകൂടിയ ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയും ഇതിലുണ്ട്.