രാജ്യത്തുടനീളം ഇവി അന്തരീക്ഷമൊരുക്കും, അടുത്ത 2-3 വര്‍ഷങ്ങളില്‍ ടാറ്റ ലക്ഷ്യം വയ്ക്കുന്നതെന്ത്?

ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്ത് പുത്തന്‍ നീക്കങ്ങളുമായി ടാറ്റ. ഇവി രംഗത്ത് ശ്രദ്ധേയമായ കമ്പനി രാജ്യത്തുടനീളം ഇവി അന്തരീക്ഷമൊരുക്കാന്‍ ദേശീയ പദ്ധതി തന്നെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുവാഹത്തിയില്‍ നിന്ന് ദ്വാരക വരെയും ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാനാണ് ടാറ്റ പവറിന്റെ നീക്കം. കമ്പനിയുടെ പരിവര്‍ത്തന പരിപാടിയായ ടാറ്റ പവര്‍ 2.0 ന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍. മൂന്ന് വര്‍ഷം മുമ്പാണ് കമ്പനി ടാറ്റ പവര്‍ 2.0 അവതരിപ്പിച്ചത്.

ഇതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് പോലുള്ള ഒഇഎമ്മുകളുമായും ടാറ്റ പവര്‍ കൈകോര്‍ത്തിട്ടുണ്ട്. നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വാഹനം വാങ്ങുന്നതിന്റെ ഭാഗമായി ഓരോ വാഹന ഉടമയ്ക്കും ഹോം ചാര്‍ജര്‍ സൊല്യൂഷന്‍ നല്‍കുകയും ഏകദേശം 15,000 ഹോം ചാര്‍ജറുകള്‍ കൈമാറുകയും ചെയ്തു. കൂടാതെ, 170 നഗരങ്ങളില്‍ ഏകദേശം 2,000-ലധികം പൊതു ചാര്‍ജറുകളും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ പൊതുഗതാഗതത്തിനും ബസുകള്‍ക്കും അവരുടെ ഡിപ്പോയില്‍ ക്യാപ്റ്റീവ് ചാര്‍ജ്ജിംഗ് സൗകര്യവും നല്‍കുന്നുണ്ട്. യാത്രാവേളയില്‍ നഗരങ്ങളിലും ഹൈവേകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനായി ഒരു ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് ആവശ്യാനുസരണം ചാര്‍ജ് ചെയ്യാവുന്നതാണ്. ആപ്പിലൂടെ തന്നെ പേയ്‌മെന്റ് നടത്താനും സാധിക്കും.


Related Articles

Next Story

Videos

Share it