ഇവി ചാര്‍ജിംഗ് രംഗത്ത് പുതിയ നീക്കം, ടാറ്റ പവറും ഹ്യുണ്ടായിയും കൈകോര്‍ത്തു

രാജ്യത്തെ ഇലക്ട്രിക് വെഹിക്ക്ള്‍ (Electric Vehicle) രംഗത്ത് പുതിയ കൈകോര്‍ക്കലുമായി ടാറ്റ പവറും (Tata Power) ഹ്യുണ്ടായി മോട്ടോര്‍ (Hyundai Motor) ഇന്ത്യയും. രാജ്യത്തുടനീളം ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകള്‍ ഒരുക്കുന്നതിനായി ഹ്യുണ്ടായിയുമായി കൈകോര്‍ത്തതായി ടാറ്റ പവര്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി. ഇതിന്റെ ഫലമായി 29 നഗരങ്ങളിലെ ഹ്യുണ്ടായിയുടെ നിലവിലുള്ള 34 ഇവി ഡീലര്‍ ലൊക്കേഷനുകളിലായി Tata Power EZ Charge ഫാസ്റ്റ് ചാര്‍ജറുകള്‍ (DC 60 kW) ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഹ്യുണ്ടായിയുടെ ഉപഭോക്താക്കള്‍ക്ക് ഹോം ചാര്‍ജ്ജിംഗ് സൗകര്യം, ഇന്‍സ്റ്റാളേഷന്‍, കമ്മീഷന്‍ എന്നീ സേവനങ്ങളും ലഭ്യമാക്കും.

നിലവില്‍, ഹ്യുണ്ടായിയുടെ 34 ഡീലര്‍ ലൊക്കേഷനുകളിലും എസി 7.2 കിലോവാട്ട് ചാര്‍ജറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പാന്‍ ഇന്ത്യ ഡീലര്‍ഷിപ്പുകളിലുടനീളം അതിവേഗ ചാര്‍ജിംഗ് ഇന്‍ഫ്രാ നെറ്റ്വര്‍ക്ക് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ഈ സംവിധാനം എല്ലാ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കാവുന്നതാണ്.
കരാര്‍ പ്രകാരം, ഹ്യുണ്ടായി സ്ഥലവും ആവശ്യമായ അനുമതികളും ലഭ്യമാക്കും. ടാറ്റ പവര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുകയും പ്രവര്‍ത്തിപ്പിക്കുകയുമാണ് ചെയ്യുക. നിലവില്‍ 1500 ലധികം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ടാറ്റ പവര്‍ (Tata Power) രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 550 ലധികം ചാര്‍ജറുകളുടെ ഇന്‍സ്റ്റാളേഷനും നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളം 13000 ലധികം ഹോം ചാര്‍ജറുകളും (സ്വകാര്യ ഉപയോഗത്തിന്) 200 ലധികം ബസ് ചാര്‍ജിംഗ് പോയിന്റുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it