ഉത്സവകാലം കെങ്കേമമാക്കാന്‍ ടാറ്റയുടെ 'പഞ്ച്' എത്തുന്നു

ഉത്സവകാലം കെങ്കേമമാക്കാന്‍ ടാറ്റ പുറത്തിറക്കുന്ന കുഞ്ഞന്‍ എസ്‌യുവിയായ പഞ്ചിന്റെ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ നാലിന്. ബുക്കിംഗും അന്ന് തന്നെ തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ സവിശേഷതകളോടെയാണ് പഞ്ച് ഉപഭോക്താക്കളിലേക്കെത്തുന്നതെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. എച്ച്ബിഎക്‌സ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ച് ഒരുക്കിയിട്ടുള്ളത്. കടുത്ത മത്സരം നേരിടുന്ന എസ്‌യുവി വിഭാഗത്തിലെ ടാറ്റയുടെ പങ്കാളിത്തം മൈക്രോ എസ്‌യുവിയുടെ വരവോടെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3840 മില്ലിമീറ്റര്‍ നീളവും 1822 മില്ലിമീറ്റര്‍ വീതിയിലും 1822മില്ലിമീറ്റര്‍ ഉയരത്തിലുമെത്തുന്ന പഞ്ച് ആള്‍ട്രോസിലുള്ള ആല്‍ഫാ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിട്ടുള്ളത്. ആള്‍ട്രോസിന് സമാനമായി 90 ഡിഗ്രിയില്‍ തുറക്കാവുന്ന ഡോറുകളും ഈ മോഡലിനുണ്ടാകും. അതേസമയം, നെക്‌സോണിനേക്കാള്‍ കുറഞ്ഞവിലയായിരിക്കും പഞ്ചിനുണ്ടായിരിക്കുക. അഞ്ച് ലക്ഷം രൂപ മുതലുള്ള വിലയിലായിരിക്കും മോഡല്‍ പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും ഒക്ടോബര്‍ പകുതിയോടെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിടും.

പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും പഞ്ച് ഉപഭോക്താക്കളിലെത്തുന്നത്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 86 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കും. അതേസമയം, ഈ മോഡലിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it