വരുന്നത് 7 കളര്‍ ഓപ്ഷനുകളില്‍, 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം, ടാറ്റ പഞ്ചിന്റെ കൂടുതല്‍ വിവരങ്ങളിതാ

ഏറെ നാളായി കാത്തിരിക്കുന്ന ടാറ്റയുടെ കുഞ്ഞന്‍ എസ്‌യുവിയായ പഞ്ചിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലായി നാല് ട്രിമ്മുകളിലാണ് മൈക്രോ എസ്‌യുവി വിപണിയിലെത്തുന്നത്. കൂടാതെ, 21,000 രൂപ നല്‍കി പഞ്ച് ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു. മോഡലിന്റെ വിലയെ കുറിച്ച് കമ്പനി വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഈ മാസം 20ന് പഞ്ച് അവതരിപ്പിക്കുമ്പോള്‍ വില വിവരങ്ങള്‍ വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഒര്‍കസ് വൈറ്റ്, ഡേറ്റോണ ഗ്രേ, കാലിപ്‌സോ റെഡ്, ടൊര്‍ണാഡോ ബ്ലൂ, ട്രോപ്പിക്കല്‍ മിസ്റ്റ്, ആറ്റോമിക് ഓറഞ്ച്, മെറ്റിയര്‍ ബ്രോണ്‍സ് എന്നിങ്ങനെ ഏഴ് കളര്‍ ഓപ്ഷനുകളിലാണ് ടാറ്റ പ്രതീക്ഷയോടെ പുറത്തിറക്കുന്ന പഞ്ചിന്റെ വരവ്. കൂടാതെ, പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വകഭേദങ്ങളും ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു. അജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബിള്‍ അഡ്വാന്‍സ്ഡ് (ALFA) ആര്‍ക്കിടെക്ചറില്‍ നിര്‍മിച്ചിരിക്കുന്ന പഞ്ച് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സി (187 mm) ലാണ് ഒരുക്കിയിട്ടുള്ളത്. ക്ലാസ്-ലീഡിംഗ് കംഫര്‍ട്ട്, കണക്റ്റിവിറ്റി സ്യൂട്ടോയുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവയും പഞ്ചിന്റെ സവിശേഷതളാണ്. 6,000 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി കരുത്തും 3,300 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍, നാച്ചുറല്‍ ആസ്പിറേറ്റഡ്, ത്രീ സിലിണ്ടര്‍, റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് മൈക്രോ എസ്‌യുവിക്ക് കരുത്തേകുന്നത്.
കാഴ്ചയില്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ പുതിയ ടാറ്റ പഞ്ചിനെ ആകര്‍ഷണമേകുന്നുണ്ട്. അവിടെ മുകളിലെ യൂണിറ്റില്‍ എല്‍ഇഡി ഡിആര്‍എല്ലുകളും താഴത്തെ യൂണിറ്റില്‍ ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പും ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍-ടോണ്‍ ബമ്പറുകള്‍, ഫോഗ് ലൈറ്റുകള്‍, സിംഗിള്‍ സ്ലാറ്റ് ഗ്രില്‍, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സി-പില്ലര്‍ ഘടിപ്പിച്ച പിന്‍ വാതില്‍ ഹാന്‍ഡിലുകള്‍, 90-ഡിഗ്രി ഓപ്പണിംഗ് ഡോറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും മൈക്രോ എസ്‌യുവിയെ മനോഹരമാക്കുന്നു. അതേസമയം, ഏകദേശം അഞ്ച് ലക്ഷം രൂപ മുതലായിരിക്കും ടാറ്റ ഈ മോഡലിന് വില നിശ്ചയിക്കുകയെന്നാണ് കരുതുന്നത്.


Related Articles

Next Story

Videos

Share it