ടാറ്റ പഞ്ചിന് പുതുപുത്തന്‍ ലുക്ക്! വമ്പന്‍ ഫീച്ചറുകള്‍, ടര്‍ബോ കരുത്ത്; വില വിവരങ്ങളും അറിയാം

മുംബൈയില്‍ ഇന്ന് നടന്ന ചടങ്ങിലാണ് പുതിയ സവിശേഷതകളോടെ ടാറ്റ പഞ്ച് അവതരിപ്പിച്ചത്; സാങ്കേതിക വിദ്യ, സൗകര്യം, കരുത്ത് സവിശേഷതകള്‍
Facelifted New Tata Punch Front
Published on

ഇന്ത്യൻ വാഹനവിപണിയിലെ മൈക്രോ എസ്‌യുവി (Micro SUV) വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച ടാറ്റ പഞ്ച്, കൂടുതൽ കരുത്തോടും അത്യാധുനിക ഫീച്ചറുകളോടും കൂടി പുത്തൻ രൂപത്തിൽ വിപണിയിലെത്തി. സാങ്കേതിക വിദ്യയിലും പ്രകടനത്തിലും വലിയ മാറ്റങ്ങളാണ് ഇന്ന് പുറത്തിറങ്ങിയ മോഡൽ വാഗ്ദാനം ചെയ്യുന്നത്. വാഹനപ്രേമികൾക്ക് വലിയ ആവേശം പകരുന്നതാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ പഞ്ചിന്റെ ഈ പുതിയ പതിപ്പ്. 2021 ൽ ആദ്യമായി അവതരിപ്പിച്ച് നാല് വർഷത്തിന് ശേഷമാണ് പുതുക്കിയ പതിപ്പ് എത്തുന്നത്. 2025 ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായിരുന്നു ടാറ്റ പഞ്ച്. ഏകദേശം 1.73 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.

ബാഹ്യ രൂപകൽപ്പന

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ എസ്‌യുവി ഡിസൈൻ ആശയവുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈ ഫെയ്‌സ്‌ലിഫ്റ്റ് പഞ്ചിനെ അവതരിപ്പിച്ചിരിക്കുന്നത്. ഹാരിയറിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടായിരുന്നു പഞ്ച് ആദ്യമായി പുറത്തിറക്കിയത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റിലൂടെ വീണ്ടും പുനർരൂപകൽപ്പന ചെയ്താണ് ടാറ്റ പഞ്ച് എത്തിയിരിക്കുന്നത്. മുൻ വശത്തും പിൻ ഭാഗത്തും വലിയ എസ്‌യുവികള്‍ക്ക് സമാനമായ സ്റ്റൈലിംഗ് ഘടനകള്‍ നല്‍കിയിട്ടുണ്ട്. കണക്റ്റഡ് എൽഇഡി റിയർ ലൈറ്റ് ബാർ ഉൾപ്പെടെയുള്ള എൽഇഡി ലൈറ്റിംഗ് ഭാഗങ്ങള്‍ ആകര്‍ഷകമാണ്. ഉയർന്ന വേരിയന്റുകളിൽ 16 ഇഞ്ച് അലോയ് വീലുകൾ സജ്ജീകരിച്ചിരിക്കുന്നു. 193 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

Facelifted New Tata Punch Rear View

ഉള്‍വശം ആകര്‍ഷകം, സാങ്കേതിക സവിശേഷതകള്‍ പലത്

സാങ്കേതികവിദ്യയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ ഫെയ്‌സ്‌ലിഫ്റ്റഡ് പഞ്ചിന് കാര്യമായ നവീകരണമാണ് ഉള്‍ഭാഗത്തുളളത്. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി സംയോജിപ്പിച്ച 10.2 ഇഞ്ച് "അൾട്രാ വ്യൂ" HD ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവൽ-ടോൺ ഇന്റീരിയറുകൾ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, റിയര്‍ എസി വെന്റുകൾ എന്നിവ കൊണ്ട് ആകര്‍ഷകമാണ് അകത്തളം.

Facelifted New Tata Punch Interiors

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, വയർഡ് 65W യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജർ തുടങ്ങിയ സവിശേഷതകളുമുണ്ട്. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സൺറൂഫും പഞ്ചിന് നല്‍കിയിരിക്കുന്നു.

സ്മാർട്ട്‌ഫോൺ വഴി വാഹനങ്ങളുടെ ഒട്ടേറെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന 45 ലധികം സവിശേഷതകൾ കണക്റ്റ് ചെയ്യാവുന്ന ടാറ്റയുടെ IRA കണക്റ്റഡ് കാർ ടെക്നോളജിയും കാറിൽ സജ്ജീകരിച്ചിരിക്കുന്നു. പെട്രോൾ വകഭേദങ്ങൾക്ക് 366 ലിറ്ററാണ് ബൂട്ട് സ്പേസ്. സിഎൻജി പതിപ്പുകൾക്ക് 210 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു.

പവർട്രെയിൻ ഓപ്ഷനുകൾ

ഫെയ്‌സ്‌ലിഫ്റ്റഡ് പഞ്ച് മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫെയ്‌സ്‌ലിഫ്റ്റിലൂടെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷൻ അവതരിപ്പിച്ചുകൊണ്ട് പ്രകടന കരുത്തിനും വലിയ പരിഗണനയാണ് നല്‍കിയിരിക്കുന്നത്.

Facelifted New Tata Punch iTurbo Engine

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കാർ ലഭ്യമാകുന്നത്..

  • 1.2 ലിറ്റർ ഐ-ടർബോ പെട്രോൾ എഞ്ചിൻ, 120 PS പവറും 170 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉളളത്.

  • 88 PS പവറും 115 Nm ടോർക്കും നൽകുന്ന 1.2L റെവോട്രോൺ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT യിൽ ലഭ്യമാണ്.

  • 73 bhp കരുത്തും 103 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2L Revotron CNG എഞ്ചിൻ.

തിരക്കേറിയ നഗര സാഹചര്യങ്ങളിൽ ഡ്രൈവിംഗ് എളുപ്പമാക്കുന്നതിൽ സിഎൻജി വേരിയന്റിൽ എഎംടി ഗിയർബോക്‌സ് നല്‍കിയിട്ടുണ്ട്.

സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും

ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഫോൾഡിംഗ് ORVM കൾ, എയർ പ്യൂരിഫയർ, ബ്ലൈൻഡ്-വ്യൂ മോണിറ്ററിംഗോടുകൂടിയ 360-ഡിഗ്രി HD ക്യാമറ തുടങ്ങിയ സവിശേഷതകളാൽ ഫെയ്‌സ്‌ലിഫ്റ്റഡ് പഞ്ച് സമ്പന്നമാണ്.

Facelifted New tata punch safety crash test

മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിൽ വാഹനത്തിന് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ, ESP, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇന്റേണൽ റിയർ-വ്യൂ മിറർ തുടങ്ങിയവയും നല്‍കിയിരിക്കുന്നു.

വില

New Tata Punch facelifted pricing

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടാറ്റ പഞ്ചിന്റെ അടിസ്ഥാന പെട്രോൾ വേരിയന്റിന് 5.59 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതൽ വില ആരംഭിക്കുന്നു. സ്മാർട്ട്, പ്യുവർ, പ്യുവർ+, അഡ്വെഞ്ചര്‍, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എന്നിങ്ങനെയാണ് ആറ് വേരിയന്റുകള്‍. സിഎൻജി പതിപ്പുകൾക്ക് 6.69 ലക്ഷം രൂപ മുതലും പുതുതായി അവതരിപ്പിച്ച ടർബോചാർജ്ഡ് പെട്രോൾ വേരിയന്റിന് 8.29 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലും വില ആരംഭിക്കുന്നു.

Tata Punch launched with a new look; great features and turbo power.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com