പതിനായിരമെന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ സഫാരി

ടാറ്റ പുതിയ സഫാരി പുറത്തിറക്കിയതിന് പിന്നാലെ പതിനായിരമെന്ന നാഴികക്കല്ല് പിന്നിട്ടു. അഞ്ച് മാസം കൊണ്ടാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ ഈ നേട്ടം കൈവരിച്ചത്. 10,000 ാമത്തെ യൂണിറ്റ് പൂനെയിലെ പ്ലാന്റില്‍നിന്ന് കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അവസാനത്തെ നാല് മാസത്തിനിടെ 9,900 യൂണിറ്റ് ടാറ്റാ സഫാരിയാണ് കമ്പനി നിര്‍മിച്ചത്. 2021 ജൂണ്‍ അവസാനം വരെ മൊത്തം 8,964 യൂണിറ്റുകളാണ് ഉല്‍പ്പാദിപ്പിച്ചത്.

''പുതിയ സഫാരിക്ക് നാല് മാസത്തിനുള്ളില്‍ ഈ സുപ്രധാന നാഴികക്കല്ല് പിന്നിടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നമ്മുടെ രാജ്യം അതിന്റെ നീണ്ട ചരിത്രത്തില്‍ സഹിച്ച ഏറ്റവും പ്രയാസമേറിയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ നേട്ടം. ഈ വിശിഷ്ട മോഡലിന്റെ പുനര്‍ജന്മത്തിന് വിവിധ ടീമുകള്‍ നടത്തിയ കൂട്ടായ കഠിനാധ്വാനത്തെ ഈ നേട്ടം സാധൂകരിക്കുന്നു'' ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു.
വിപണിയിലെത്തിയതിനുശേഷം 2021 ജൂണ്‍ അവസാനം വരെ മൊത്തം 8,635 യൂണിറ്റ് ടാറ്റാ സഫാരികളാണ് ആഭ്യന്തര വിപണിയില്‍ കമ്പനി വിറ്റഴിച്ചത്. 1,727 യൂണിറ്റാണ് പ്രതിമാസ ശരാശരി വില്‍പ്പന. 6/7 സീറ്റര്‍ എസ്യുവിയാണ് പുതിയ സഫാരി ഈ വിഭാഗത്തിലെ 25.2 ശതമാനം വിപണി വിഹിതം വഹിക്കുന്നതായി ടാറ്റ മോട്ടോഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിഡ്-സൈസ് എസ്യുവി സെഗ്മെന്റിന്റെ മൂന്ന്-വരി എസ്യുവിയായ സഫാരിയുടെ പ്രധാന എതിരാളികളായി ഹ്യുണ്ടായ് അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര എക്‌സ് യു വി 500 എന്നിവയാണ് വിപണിയിലുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it