ജനുവരിയില്‍ ടാറ്റാ കുതിപ്പ്, ഒന്നാം സ്ഥാനം വിടാതെ മാരുതി; താരമായി നെക്‌സോണ്‍, വില്‍പ്പനയില്‍ മുന്നിലെത്തിയ 10 കാറുകളിതാ

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആറെണ്ണവും എസ്.യു.വികളാണ്
tata nexon, tata punch
image credit : canva , tata motors
Published on

2026 ജനുവരിയിലെ വാഹന വിപണിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസവില്‍പ്പനയുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി ടാറ്റ നെക്‌സോണ്‍ (Tata Nexon) മാറി.

ജനുവരിയില്‍ മാത്രം 23,365 യൂണിറ്റ് നെക്‌സോണ്‍ കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. ഇതോടെ നെക്‌സോണിന്റെ ആകെ വില്‍പ്പന 10 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലും പിന്നിട്ടു. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പതിപ്പുകളില്‍ ലഭ്യമായ നെക്‌സോണിന്റെ വൈവിധ്യമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

മൊത്തം 71,066 വാഹനങ്ങളാണ് ജനുവരിയില്‍ ടാറ്റ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 48,316 യൂണിറ്റായിരുന്നു. അതായത് ഏകദേശം 47 ശതമാനം വാര്‍ഷിക വളര്‍ച്ച. ആഭ്യന്തര വിപണിയില്‍ മാത്രം 70,222 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഹ്യുണ്ടായിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളാകാനും ടാറ്റയ്ക്ക് സാധിച്ചു.

മാരുതി സുസൂക്കിയാണ് കാര്‍ വില്‍പ്പനയില്‍ മുന്നില്‍. 2,36,963 യൂണിറ്റുകളാണ് ജനുവരിയില്‍ വിറ്റഴിച്ചത്. എപ്പോഴത്തേയും പോലെ രണ്ടാം സ്ഥാനക്കാരനേക്കാള്‍ ബഹുദൂരം മുന്നില്‍ തന്നെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. മഹീന്ദ്ര 63,510 യൂണിറ്റുകളും ഹ്യുണ്ടായ് 59,107 യൂണിറ്റുകളും ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചു. മൊത്തത്തിലുള്ള യാത്രാവാഹന വിപണി (Passenger Vehicles) ജനുവരിയില്‍ 4.5 ലക്ഷം യൂണിറ്റ് എന്ന എക്കാലത്തെയും ഉയര്‍ന്ന വില്‍പന റെക്കോര്‍ഡും കുറിച്ചു.

ടാറ്റയ്ക്ക് കരുത്തായി പഞ്ചും ഇവികളും

ടാറ്റയുടെ തന്നെ മൈക്രോ എസ്യുവിയായ പഞ്ച് (Tata Punch) 19,257 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. വിപണിയിലെത്തി വെറും 4 വര്‍ഷവും 3 മാസവും കൊണ്ട് 7 ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന റെക്കോര്‍ഡ് വേഗതയിലാണ് പഞ്ച് മുന്നേറുന്നത്. ഇതിനുപുറമെ ടാറ്റ ടിയാഗോയും 7 ലക്ഷം യൂണിറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചു.

ഇലക്ട്രിക് വാഹന (EV) വിഭാഗത്തിലും ടാറ്റാ മോട്ടോഴ്‌സ് തിളങ്ങി. 9,052 ഇവികളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ 72.7 ശതമാനം വര്‍ധനവാണിത്. ടാറ്റയുടെ പുത്തന്‍ മോഡലുകളായ സിയറ (Sierra), ഹാരിയര്‍, സഫാരി എന്നിവയുടെ പെട്രോള്‍ പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നത്.

എസ്.യു.വികള്‍ക്ക് പ്രിയമേറുന്നു

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്.യു.വി (SUV) മോഡലുകള്‍ക്കുള്ള സ്വാധീനം വര്‍ധിക്കുന്നതാണ് ജനുവരിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആറെണ്ണവും എസ്യുവികളാണ്. മാരുതി സുസൂക്കിയുടെ പുത്തന്‍ സെഡാന്‍ മോഡലായ ഡിസയര്‍ (Dzire) 19,629 യൂണിറ്റുകളുമായി രണ്ടാം സ്ഥാനം നേടിയെങ്കിലും എസ്.യു.വികളുടെ കുതിപ്പിന് മുന്നില്‍ മറ്റ് സെഡാനുകളും ഹാച്ച്ബാക്കുകളും പിന്നിലായി.

2026 ജനുവരിയിലെ മികച്ച വില്‍പ്പന നേടിയ 10 കാറുകള്‍ (Top 10 Selling Models)

1. ടാറ്റ നെക്സോണ്‍ -23,365

2. മാരുതി സുസൂക്കി ഡിസയര്‍-19,629

3. ടാറ്റ പഞ്ച് -19,257

4. ഹ്യുണ്ടായ് ക്രെറ്റ-17,921

5. മാരുതി സുസൂക്കി എര്‍ട്ടിഗ-17,892

6. മാരുതി സുസൂക്കി സ്വിഫ്റ്റ്-17,806

7. മാരുതി സുസൂക്കി ബ്രെസ്സ-17,486

8. മാരുതി സുസൂക്കി ബലേനോ-16,782

9. മഹീന്ദ്ര സ്‌കോര്‍പിയോ-15,542

10. മാരുതി സുസൂക്കി വിക്ടോറിസ് -15,240

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com