വില ₹11.49 ലക്ഷം! മിഡ്‌സൈസ് എസ്.യു.വികളിലെ കില്ലറാകുമോ ഈ ലെജന്‍ഡ്? പുതിയ ടാറ്റ സിയറ നിരത്തില്‍

ഹ്യൂണ്ടായ് ക്രെറ്റയും മാരുതി സുസുക്കി ഗ്രാന്റ് വിറ്റാരയും കിയ സെല്‍റ്റോസും ഹോണ്ട എലവേറ്റുമൊക്കെയുള്ള പ്രീമിയം മിഡ്‌സൈസ് എസ്.യു.വി സെഗ്മെന്റിലേക്കാണ് സിയാറയുടെ വരവ്
വില ₹11.49 ലക്ഷം! മിഡ്‌സൈസ് എസ്.യു.വികളിലെ കില്ലറാകുമോ ഈ ലെജന്‍ഡ്? പുതിയ ടാറ്റ സിയറ നിരത്തില്‍
Published on

വാഹന പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ പ്രീമിയം എസ്.യു.വി സിയറ ഇന്ത്യന്‍ നിരത്തില്‍. മികച്ച ഡിമാന്‍ഡുള്ള മിഡ്‌സൈസ് എസ്.യു.വി സെഗ്‌മെന്റിലാണ് പുതിയ മോഡലെത്തിയിരിക്കുന്നത്. 11.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില. ഡിസംബര്‍ 16 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. അടുത്ത കൊല്ലം ജനുവരി 15ന് സിയറ ഡെലിവറി ആരംഭിക്കും.

1991ല്‍ ഇന്ത്യന്‍ നിരത്തുകളിലെത്തി വലിയ തരംഗം സൃഷ്ടിച്ച മോഡലാണ് ടാറ്റ സിയറ. നിരവധി പ്രത്യേകതകളുള്ള വാഹനമായിരുന്നെങ്കിലും 2003ല്‍ ടാറ്റ ഈ വാഹനത്തെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിര്‍മിത ഓഫ്‌റോഡ് എസ്.യു.വിയുടെ ആധുനിക പതിപ്പ് എത്തിയിരിക്കുന്നത് നിരവധി ഫീച്ചറുകളോടെയാണ്. മുംബൈ ബി.കെ.സി ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് വാഹനത്തിന്റെ ലോഞ്ചിംഗ് നടന്നത്.

മൂന്ന് എഞ്ചിനുകള്‍

പുത്തന്‍ സിയറയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇതിന്റെ എഞ്ചിന്‍ ഓപ്ഷനുകളാണ്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ 106 ബി.എച്ച്.പി കരുത്തും 145 എന്‍.എം കരുത്തും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഹൈപ്പീരിയോന്‍ പെട്രോള്‍ എഞ്ചിനാകട്ടെ 160 എച്ച്.പി കരുത്തും 255 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. 118 എച്ച്.പി കരുത്തും 280 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ സ്ഥിരം 1.5 ലിറ്റര്‍ ക്രയോജെറ്റ് ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്.

വില പൊളിക്കും

മറ്റൊരു കാര്യം ഇതിന്റെ വിലയാണ്. 11.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ സ്റ്റാര്‍ട്ടിംഗ് പ്രൈസ്. എല്ലാവരും കരുതിയിരുന്നത് പോലെ വലിയ എസ്.യു.വികളുമായല്ല ആശാന്റെ മത്സരം. ഹ്യൂണ്ടായ് ക്രെറ്റയും മാരുതി സുസുക്കി ഗ്രാന്റ് വിറ്റാരയും കിയ സെല്‍റ്റോസും ഹോണ്ട എലവേറ്റുമൊക്കെയുള്ള പ്രീമിയം മിഡ്‌സൈസ് എസ്.യു.വി സെഗ്മെന്റിലേക്കാണ് സിയാറയുടെ വരവ്. അതായത് മത്സരം ഇനിയും കടുക്കുമെന്ന് സാരം.

ഡിസൈന്‍

ഒറ്റനോട്ടത്തില്‍ തന്നെ പഴയ സിയറയെ ഓര്‍മ വരുന്ന വിധത്തില്‍ ബോക്‌സി ഡിസൈനാണ് വാഹനത്തിനുള്ളത്. പിന്നിലും മുന്നിലുമുള്ള കണക്ടഡ് എല്‍.ഇ.ഡി ലൈറ്റുകള്‍ അതിമനോഹരമായി പ്ലേസ് ചെയ്യാനും ടാറ്റക്ക് കഴിഞ്ഞു. മുന്നിലെ പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ടാറ്റയുടെ ഇലുമിനേറ്റഡ് ലോഗോ, ഗ്ലോസി ബ്ലാക്ക് ഫിനിഷിംഗിലുള്ള ഗ്രില്ലുകള്‍ എന്നിവ മോഡേണ്‍ ലുക്കിനൊപ്പം പക്കാ എസ്.യു.വി ടച്ചും നല്‍കുന്നുണ്ട്. വലിയ 19 ഇഞ്ചിന്റെ ടയറുകള്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും മികച്ചതായി.

ഉള്ളിലെന്താ

ഒരു ആഡംബര വീട്ടിലുള്ള സൗകര്യങ്ങളെല്ലാം ടാറ്റ സിയറയിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ടാറ്റ പറയുന്നു. ട്രാഫിക്ക് ബ്ലോക്കും നിര്‍മാണങ്ങളും കാരണം റോഡില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്ന ഇന്ത്യക്കാര്‍ക്ക് വാഹനത്തിനുള്ളില്‍ മികച്ച ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ് ബോര്‍ഡ്, 12 സ്പീക്കറുള്ള ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സെഗ്‌മെന്റിലെ ഏറ്റവും വലിയ പനോരമിക് സണ്‍റൂഫ്, മികച്ച ലെഗ്‌റൂമുള്ള രണ്ടാം നിര സീറ്റുകള്‍ എന്നീ ഫീച്ചറുകള്‍ എടുത്തുപറയേണ്ടതാണ്.

സുരക്ഷയില്‍ നോ കോംപ്രമൈസ്

എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ് ടാറ്റ കാറുകളുടെ സുരക്ഷ. എന്നാല്‍ ഓടുന്ന കാറിനെ ഭിത്തിയിലേക്ക് ഇടിച്ചുകയറ്റി നടത്തുന്ന ഇടിപ്പരീക്ഷ ഇക്കുറി മാറ്റിപ്പിടിക്കാനാണ് ടാറ്റയുടെ തീരുമാനം. ഇതിനായി അതിവേഗത്തില്‍ എതിര്‍ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ട് സിയറ എസ്.യു.വികളെ തമ്മില്‍ ഇടിപ്പിച്ചാണ് ടാറ്റ സുരക്ഷ പരിശോധിച്ചത്. ഇതില്‍ എല്ലാ ടെസ്റ്റിലും വാഹനം വിജയിച്ചതായും കമ്പനി അവകാശപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com