ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളെത്തി, വില 6.09 ലക്ഷം രൂപ മുതല്‍

ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ പുറത്തിറങ്ങി. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ. നിലവില്‍ മാരുതി സുസുക്കി, ഹ്യൂണ്ടായി എന്നവര്‍ക്ക് മാത്രമാണ് സിഎന്‍ജി മോഡലുകള്‍ ഉള്ളത്.

പെട്രോള്‍ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി പതിപ്പുമായി ടാറ്റ എത്തുന്നത്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. പെട്രോളില്‍ 86 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിന്‍ സിഎന്‍ജിയില്‍ 73 എച്ച്പി പവറും 95 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. പെട്രോള്‍ മോഡലുകളില്‍ മാനുവല്‍, എംഎംടി ഗിയര്‍ബോക്സ് ഓപഷനുകള്‍ ടാറ്റ നല്‍കുന്നുണ്ട്. എന്നാല്‍ സിഎന്‍ജി പതിപ്പില്‍ മാനുവല്‍ ഓപ്ഷന്‍ മാത്രമായിരിക്കും ലഭിക്കുക.
ഐ-സിഎന്‍ജി ബാഡ്ജിങ് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാം പെട്രോള്‍ പതിപ്പുകള്‍ക്ക് സമാനമാണ്. ടിയാഗോ സിഎന്‍ജിയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 6.09 ലക്ഷം രൂപ മുതലാണ്. കോംപാക്ട് സെഡാനായ ടിഗോര്‍ സിഎന്‍ജിക്ക് 7.69 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറും വില. ഇരുമോഡലുകള്‍ക്കും 26.49 km/kg മൈലേജ് ലഭിക്കുമെന്നാണ് വിവരം. ടിയാഗോ സിഎന്‍ജി XE, XM, XT, XZ+ എന്നിങ്ങനെ നാല് വേരിയന്റുകളിലും ടിഗോര്‍ സിഎന്‍ജി( XZ, XZ+ ) രണ്ട് വേരിയന്റുകളിലും ലഭിക്കും.
ടിയാഗോയുടെ വിപണിയില്‍ മുഖ്യമായും മത്സരിക്കുന്ന മാരുതി സുസുക്കി സെലേറിയോ സിഎന്‍ജിക്ക് 35.06 km/kg ആണ് മൈലേജ്. മാരുതിയുടെ വാഗണ്‍ ആര്‍, ഹ്യൂണ്ടായി സാന്‍ട്രോ എന്നിവയാണ് ടിയാഗോയൂടെ മറ്റ് എതിരാളികള്‍. ടിഗോര്‍ സിഎന്‍ജി മത്സരിക്കുക ഹ്യൂണ്ടായിയുടെ ഓറയുമായാണ്. പെട്രോള്‍, ഇലക്ട്രിക്, സിഎന്‍ജി പതിപ്പുകളുള്ള രാജ്യത്തെ ഏക സെഡാനും ടിഗോര്‍ ആണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it