മാരുതിക്കും ഹ്യൂണ്ടായിക്കും പിന്നാലെ ടാറ്റ, സിഎന്‍ജി മോഡലുകള്‍ ഈ മാസം എത്തും

ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ ജനുവരി 19ന് അവതരിപ്പിക്കും. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ. നിലവില്‍ മാരുതി സുസുക്കി, ഹ്യൂണ്ടായി എന്നവര്‍ക്ക് മാത്രമാണ് സിഎന്‍ജി മോഡലുകള്‍ ഉള്ളത്.

ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി പതിപ്പ് ടാറ്റ അവതരിപ്പിക്കുമ്പോള്‍ പെട്രോള്‍ മോഡലുകളില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. സിഎന്‍ജി ബാഡ്ജിങ് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാം പെട്രോള്‍ പതിപ്പുകള്‍ക്ക് സമാനമായിരിക്കും. 84.8 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് ഇരുമോഡലുകളിലും ടാറ്റ ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ തന്നെയായിരിക്കും സിഎന്‍ജി പതിപ്പിലും ഇടംപിടിക്കുക. പെട്രോള്‍ മോഡലുകളില്‍ മാനുവല്‍, എംഎംടി ഗിയര്‍ബോക്‌സ് ഓപഷനുകള്‍ ടാറ്റ നല്‍കുന്നുണ്ട്. എന്നാല്‍ സിഎന്‍ജി പതിപ്പില്‍ മാനുവല്‍ ഓപ്ഷന്‍ മാത്രമായിരിക്കും ലഭിക്കുക.
ഹാച്ച്ബാക്ക് വിഭാഗത്തിലെത്തുന്ന ടിയാഗോ സിഎന്‍ജി മാരുതിയുടെ വാഗണ്‍ ആര്‍, ഹ്യൂണ്ടായി സാന്‍ട്രോ എന്നിവയുമായി മത്സരിക്കും. മാരുതിയുടെ സെലേറിയോ കൂടെ ഈ വിഭാഗത്തിലേക്ക് ഉടനെത്തും. കോംപാക്ട് സെഡാനായ ടിഗോര്‍ സിഎന്‍ജി മത്സരിക്കുക ഹ്യൂണ്ടായിയുടെ ഓറയുമായാണ്. പെട്രോള്‍, ഇലക്ട്രിക്, സിഎന്‍ജി പതിപ്പുകളുള്ള രാജ്യത്തെ ഏക സെഡാനും ടിഗോര്‍ ആയിരിക്കും. ടിയാഗോ, ടിഗോര്‍ എന്നിവയുടെ പെട്രോള്‍ സിഎന്‍ജി പതിപ്പുകള്‍ക്ക് പെട്രോള്‍ മോഡലുകളെക്കാള്‍ 50000-60000 രൂപ അധികം നല്‍കേണ്ടി വരും.
രാജ്യത്ത് സിഎന്‍ജി മോഡലുകളുടെ ഡിമാന്‍ഡ് ഉയരുകയാണ്. ഇത് പരിഗണിച്ച് ആള്‍ട്രോസ്, നെക്‌സോണ്‍ ഉള്‍പ്പെടെയുള്ളവയുടെ സിഎന്‍ജി പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്. സെലേറിയോയ്ക്ക് പുറമെ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, വിറ്റാര ബ്രസ എന്നിവയുടെ സിഎന്‍ജി പതിപ്പുകള്‍ മാരുതിയും അവതരിപ്പിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it