ടാറ്റ ടിഗോര്‍ ഇവി പ്രതീക്ഷകള്‍ക്കുമപ്പുറം: ബുക്കിംഗും മറ്റ് വിശദാംശങ്ങളും അറിയാം

ഇലക്ട്രിക് വാഹന രംഗത്ത് വീണ്ടും വിസ്മയം തീര്‍ക്കാന്‍ ടാറ്റ മോട്ടോഴ്‌സ്. ഏറെ ജനപ്രിയമായ നെക്‌സോണ്‍ ഇവിക്ക് പിന്നാലെ സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ടാറ്റ ടിഗോര്‍ ഇവി കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് 31നാണ് ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയിലെ ടാറ്റയുടെ രണ്ടാമന്‍ അരങ്ങിലെത്തുന്നത്. ഇതിന് മുന്നോടിയായി മോഡലിന്റെ വിവരങ്ങളും ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു.

അതേസമയം നെക്‌സോണിനേക്കാള്‍ വിലകുറവാണെന്നതും സാധാരണക്കാര്‍ക്കുതുന്ന വിലയായതിനാലും ടിഗോര്‍ ഇവിക്ക് വലിയ ഡിമാന്റുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ദൂരപരിധിയും ടാറ്റ ടിഗോറിന് ഇലക്ട്രിക് വാഹന വിപണിയില്‍ സ്ഥാനം നല്‍കിയേക്കും. ദൂരപരിധിയെ കുറിച്ച് കമ്പനി വ്യക്തത നല്‍കിയില്ലെങ്കിലും മുഴുവന്‍ ചാര്‍ജില്‍ 300 കിലോമീറ്ററോളം ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ടിഗോര്‍ ഇവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. 21,000 രൂപയ്ക്ക് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴി വാഹനം ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു.
ടിഗോര്‍ ഇവിയില്‍ 26 kWh ലി-അയണ്‍ ബാറ്ററി പായ്ക്കാണ് ഒരുക്കിയിട്ടുള്ളത്. 50kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. കൂടാതെ, വീടുകളില്‍ ചാര്‍ജിംഗ് നടത്തുന്നതിന് ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് 15A എസി വാള്‍ ബോക്‌സ് സോക്കറ്റും കമ്പനി സ്ഥാപിച്ച് നല്‍കും. ഇതുവഴി 80 ശതമാനത്തോളം ചാര്‍ജിംഗ് നടത്തുന്നതിന് 8.5 മണിക്കൂര്‍ സമയം ആവശ്യമായി വരും. എട്ട് വര്‍ഷമാണ് ബാറ്ററിയുടെ വാരണ്ടി. ടിഗോര്‍ ഇവിയിലെ അസിന്‍ക്രണസ് മോട്ടോര്‍ 5.7 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്തിക്കും. ഇത് 55 kW ഉം 170 Nm ആണ് ഉല്‍പ്പാദിപ്പിക്കുക. മോട്ടോര്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ഡ്രൈവ, സ്‌പോര്‍ട്ട് എന്നീ രണ്ട് മോഡുകള്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.


Related Articles
Next Story
Videos
Share it