

ഇലക്ട്രിക് കാറുകള്‍ക്കുള്ള അഞ്ച് ശതമാനം നികുതിയും ഹൈബ്രിഡ് വാഹനങ്ങളുടെ 48 ശതമാനം നികുതിയും അടുത്തെങ്ങും കുറയ്ക്കില്ല. നിലവിലെ നികുതി ഘടന ദീര്‍ഘകാലത്തേക്ക് തുടരുമെന്ന് ജി20 കൂട്ടായ്മയിലെ ഇന്ത്യയുടെ പ്രതിനിധിയും മുന്‍ നീതിആയോഗ് സി.ഇ.ഒയുമായ അമിതാഭ് കാന്ത് പറഞ്ഞു. ഹൈബ്രിഡ് കാറുകളുടെ നികുതി കുറയ്ക്കണമെന്ന് രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട എന്നിവര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. ഹൈബ്രിഡ് അടക്കമുള്ള ഫ്‌ളെക്‌സ് ഇന്ധന വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ പിന്തുണ നല്‍കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ആവശ്യപ്പെട്ടിരുന്നു.
2070ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാകാനിരിക്കുന്ന ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഇത്രയും നികുതി ചുമത്തുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 28 ശതമാനം ചരക്കുസേവന നികുതിയും 15 ശതമാനം സെസുമാണ് ചുമത്തുന്നത്. 2018 വരെ ഇലക്ട്രിക് വാഹനങ്ങളുടെ ഗണത്തില്‍പെടുത്തിയിരുന്ന ഹൈബ്രിഡ് വാഹനങ്ങളിലെ അധിക വരുമാന സാധ്യത മുന്നില്‍കണ്ട് നികുതി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12ല്‍ നിന്നും അഞ്ച് ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.
ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന ശക്തമായ വാദമാണ് ചില വാഹന നിര്‍മാതാക്കള്‍ ഉയര്‍ത്തുന്നത്. ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട എന്നീ കമ്പനികളാണ് ഇത്തരമൊരു വാദത്തിന് പിന്നില്‍. ഇലക്ട്രിക് വാഹനങ്ങളെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് ഭാവിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കൂട്ടുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ടാറ്റ മോട്ടോര്‍സ്, ഹ്യൂണ്ടായ്. കിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവര്‍ പറയുന്നത് മറ്റൊന്നാണ്. കാര്‍ബണ്‍ വികിരണം പൂര്‍ണമായും കുറയ്ക്കാന്‍ ഇവികള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് ഇവരുടെ വാദം.
എന്താണ് ഹൈബ്രിഡ് കാറുകള്‍
പെട്രോളിലും വൈദ്യുതിയിലും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങളാണിവ. ഇന്റേണല്‍ കംബസ്റ്റിയന്‍ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തിലുണ്ടാകും. ഹൈ-വോള്‍ട്ടേജ് ബാറ്ററികളാണ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനായി വാഹനത്തില്‍ ഉപയോഗിക്കുന്നത്. വാഹനം ബ്രേക്ക് ചെയ്യുമ്പോഴും മറ്റും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഈ ബാറ്ററികള്‍ സ്വയം ചാര്‍ജാകും. പാരലല്‍ ഹൈബ്രിഡ്, സീരീസ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് തുടങ്ങിയ തരങ്ങളിലും ഹൈബ്രിഡ് വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine