ഇന്ത്യയില്‍ അസംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ല

ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് അസംബിള്‍ ചെയ്യുന്നതിനു പുറമേ ഇവിടെ വിതരണ ശൃംഖല (vendor base) സ്ഥാപിക്കണമെന്ന് കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദ്ദേശം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ല തത്വത്തില്‍ അംഗീകരിച്ചു. കമ്പനിക്ക് ആദ്യം കാറുകളുടെ അസംബ്ലിംഗ് ആരംഭിക്കാമെന്നും പിന്നീട് വിതരണ ശൃംഖല സജ്ജീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

രൂപരേഖ ആവശ്യം, ഇളവുകള്‍ നല്‍കും

ഇന്ത്യയില്‍ വിതരണ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇതിന് എത്ര സമയം ആവശ്യം വരുമെന്ന് അറിയിക്കാൻ സര്‍ക്കാര്‍ ടെസ്ലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ കമ്പനി ഇത് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ വിതരണ ശൃംഖല സ്ഥാപിക്കുന്നത് വരെ അതിനാവശ്യമായ ഘടകങ്ങളില്‍ ഇറക്കുമതി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കഴിഞ്ഞ മാസം രാജ്യം സന്ദര്‍ശിച്ച ടെസ്ല സംഘത്തിനോട് അധികൃതര്‍ പറഞ്ഞിരുന്നു.

ഘട്ടം ഘട്ടമായുള്ള നിര്‍മാണ പദ്ധതിയ്ക്ക് (phased manufacturing programme) കീഴില്‍ പി.എല്‍.ഐ സ്‌കീമിലൂടെ (production-linked incentive scheme) ആപ്പിള്‍, സംസംഗ് എന്നിവയ്ക്ക് ഇത്തരം ഇളവുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ല സമ്മതിച്ചുകഴിഞ്ഞാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പരിഷ്‌ക്കരിച്ച പി.എല്‍.ഐ സ്‌കീമും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും.

നിലവില്‍ ചൈനയില്‍

നിലവില്‍ ടെസ്ലയുടെ ആഗോള ഉല്‍പ്പാദനത്തിന്റെ പകുതിയിലധികവും ചൈനയിലാണ് (ഷാങ്ഹായ്). ചൈനയിലെ നിക്ഷേപം നിലനിര്‍ത്താന്‍ ചൈന നിലവില്‍ മസ്‌കിനെ സമീപിക്കുന്നതിനാല്‍ ടെസ്ല ഇന്ത്യയുമായി കടുത്ത വിലപേശല്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മസ്‌ക് അടുത്തിടെ ചൈന സന്ദര്‍ശിച്ച് അവിടെയുള്ള ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Next Story

Videos

Share it