ടെസ്‌ലയില്‍ മസ്‌കിന്റെ കടുംവെട്ട്; പണി പോകുന്നത് 14,000ത്തോളം ജീവനക്കാര്‍ക്ക്

വൈദ്യുത വാഹന നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെസ്‌ല വലിയ തോതില്‍ ജീവനക്കാരെ കുറയ്ക്കാന്‍ ഒരുങ്ങുന്നു. ഈ പാദത്തിന്റെ തുടക്കത്തില്‍ വൈദ്യുത വാഹന വില്‍പനയില്‍ കമ്പനിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇതാണ് 10 ശതമാനം ജീവനക്കാരെ ഒഴിവാക്കാനുള്ള കാരണം. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌ക് ജീവനക്കാര്‍ക്ക് ഇ-മെയ്ല്‍ അയച്ചിട്ടുണ്ട്.

14,000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്ക്. ഈ മാസം കമ്പനിയുടെ വാഹന വില്‍പനയില്‍ വലിയ തോതില്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. നാലു വര്‍ഷത്തിനിടയ്ക്ക് ആദ്യ പാദത്തില്‍ വില്‍പന താഴേക്ക് പതിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് കമ്പനി ജീവനക്കാരെ കുറയ്ക്കുന്നത്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ടെസ്‌ല കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. 1,40,473 ജീവനക്കാരാണ് കമ്പനിക്ക് ആഗോള തലത്തിലുള്ളത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന സൂചന ഈ വര്‍ഷം ആദ്യം തന്നെ കമ്പനി നല്‍കിയിരുന്നു.
ഇന്ത്യന്‍ പദ്ധതികളെ ബാധിക്കില്ല
ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ഇലോണ്‍ മസ്‌ക് ഇന്ത്യയിലെത്താനിരിക്കെയാണ് ജീവനക്കാരെ ഒഴിവാക്കുകയാണെന്ന വാര്‍ത്തയും വരുന്നത്. ആഗോള തലത്തിലെ വൈദ്യുത വാഹന വില്‍പനയിലെ ഇടിവ് ടെസ്‌ലയുടെ ഇന്ത്യയിലെ പദ്ധതികളെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
വൈദ്യുത വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയാകും ഇന്ത്യയെന്ന കണക്കുകൂട്ടലിലാണ് ടെസ്‌ല. ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാനുള്ള നീക്കത്തിനു പിന്നിലെ കാരണവും ഇതുതന്നെയാണ്. ഇന്ത്യയുടെ പുതിയ വൈദ്യുത വാഹന നയവും മസ്‌കിന്റെ കമ്പനിയുടെ വരവിനെ സഹായിക്കുന്ന ഘടകമാണ്.
പുതിയ വൈദ്യുത വാഹന നയപ്രകാരം കുറഞ്ഞത് 500 മില്യണ്‍ ഡോളറെങ്കിലും രാജ്യത്ത് നിക്ഷേപിക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചിത എണ്ണം വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി നികുതി നിരക്ക് കേന്ദ്രം കുറയ്ക്കും. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇ.വികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കും.
Related Articles
Next Story
Videos
Share it