
ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോര്‍സിന് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി. വിദേശത്ത് നിര്‍മിച്ച കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍ക്കാനാണ് ടെസ്‌ല പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പുതിയ ഇ.വി നയം പുറത്തിറക്കുമ്പോള്‍ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആഗോള ഇലക്ട്രിക് വാഹന നിര്‍മാതാക്കളെ ഇന്ത്യയിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുതിയ ഇ.വി നയം നടപ്പിലാക്കുന്നത്.
ഇന്ത്യയില്‍ ഇ.വി നിര്‍മാണ മേഖലയില്‍ നിക്ഷേപം നടത്തുന്ന വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതി നികുതിയില്‍ വലിയ ഇളവ് നല്‍കാമെന്ന് നയത്തില്‍ പറയുന്നു. രാജ്യത്ത് ഇ.വി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്‌ല മോട്ടോര്‍സിന്റെ നിക്ഷേപം ആകര്‍ഷിക്കാനാണ് ഇത്തരമൊരു നയത്തെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതിന്റെ പണിപ്പുരയിലാണ്. എന്നാല്‍ നയമൊക്കെ തയ്യാറായി വന്നപ്പോള്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് ടെസ്‌ല പിന്നോട്ടുപോയി. വിദേശത്ത് നിര്‍മിച്ച കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍ക്കാമെന്നാണ് ഇപ്പോള്‍ കമ്പനിയുടെ നിലപാട്. ഇക്കാര്യത്തില്‍ ടെസ്‌ല അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മെഴ്‌സിഡസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍, ഹ്യൂണ്ടായ്, കിയ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
ഇന്ത്യയില്‍ ഇ.വി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ 500 മില്യന്‍ ഡോളറെങ്കിലും (ഏകദേശം 4,200 കോടി രൂപ) നിക്ഷേപിക്കുന്ന കമ്പനികള്‍ക്കാണ് ഇറക്കുമതിയില്‍ ഇളവ് നല്‍കുക. നിലവില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ 70 ശതമാനം വരെ നികുതി നല്‍കണം. എന്നാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് നിശ്ചിത എണ്ണം ഇ.വികള്‍ 15 ശതമാനം നിരക്കില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാം. അഞ്ച് വര്‍ഷക്കാലയളവില്‍ പ്രതിവര്‍ഷം 8,000 കാറുകള്‍ വരെയാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുക. കൂടാതെ അനുമതികള്‍ ലഭിച്ച് മൂന്ന് വര്‍ഷത്തിനകം ഇന്ത്യയില്‍ വാഹന നിര്‍മാണം തുടങ്ങണമെന്നും ചില പ്രാദേശിക നിബന്ധനകള്‍ പാലിക്കണമെന്നും നയത്തില്‍ പറയുന്നു. മെഷീന്‍, റിസര്‍ച്ച്, ചാര്‍ജിംഗ് തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് അവസരമുണ്ട്.
അതേസമയം, ഇന്ത്യയിലെ ഇ.വി മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ ഇതിനോടകം നടത്തിയിട്ടുള്ള ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഇറക്കുമതി നികുതി കുറക്കുന്നതിന് എതിരാണ്. നിലവില്‍ ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന വാഹനങ്ങളുടെ 2.5 ശതമാനം മാത്രമാണ് ഇ.വികള്‍. ഇത് വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് വിദേശ കമ്പനികളെ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് വിശദീകരണം. ഒപ്പം ഇന്ത്യയിലെ ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ അപര്യാപ്തയും ശേഷിക്കുറവും ഇതിലൂടെ പരിഹരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
Tesla chooses to skip local EV manufacturing in India even as the government finalizes a supportive electric vehicle policy.
Read DhanamOnline in English
Subscribe to Dhanam Magazine