ടെസ്ലയുടെ പിന്‍വാങ്ങല്‍, ഇന്ത്യയിലെ എക്‌സിക്യൂട്ടിവിന്റേത് പ്രതിഷേധ രാജിയോ?

യുഎസ് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ (Tesla) ഇന്ത്യയിലേക്കുള്ള കടന്നുവരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു രാജ്യത്തെ ആഡംബര വാഹനപ്രേമികള്‍. പിന്നീട് ഏവര്‍ക്കും നിരാശ നല്‍കി ഇലോണ്‍ മസ്‌ക് ഈ നീക്കത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഒരു പ്രധാന എക്‌സിക്യൂട്ടീവ് രാജിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ടെസ്ലയുടെ പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവായ മനുജ് ഖുറാനയാണ് രാജിവെച്ചത്. 2021 മാര്‍ച്ചില്‍ ടെസ്ല ഇന്ത്യയില്‍ നിയമിതനായ അദ്ദേഹം യു.എസ് കാര്‍ നിര്‍മാതാക്കള്‍ക്കായി ഒരു ആഭ്യന്തര വിപണി-പ്രവേശ പദ്ധതി രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ടെസ്ലയുടെ കാറുകളുടെ ഇറക്കുമതി നികുതി 100 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയ്ക്കാനും അദ്ദേഹം ഇടപെടലുകള്‍ നടത്തിയിരുന്നു.
എന്നാല്‍ ഇളവുകള്‍ നല്‍കുന്നതിന് മുമ്പ് പ്രാദേശികമായി കാറുകള്‍ നിര്‍മിക്കാന്‍ ടെസ്ല പ്രതിജ്ഞാബദ്ധരാകണമെന്ന് കേന്ദ്രം നിര്‍ബന്ധിക്കുകയും ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലുമായതോടെ ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കാനുള്ള പദ്ധതി ടെസ്‌ല നിര്‍ത്തിവയ്ക്കുകയായിരുന്നു. ആദ്യം കാറുകള്‍ വില്‍ക്കാനും സര്‍വീസ് നടത്താനും അനുവദിക്കാത്ത ഒരു സ്ഥലത്തും കമ്പനി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഇലോണ്‍ മസ്‌ക് കഴിഞ്ഞ മാസം ട്വിറ്ററില്‍ പറഞ്ഞിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it