ടെസ്‌ല വരും ഭായ്! കമ്പനിയുടെ ഇന്ത്യാ പ്രവേശനം ഉറപ്പിച്ച് ഗുജറാത്ത് മന്ത്രി

എന്നുവരും ടെസ്‌ല ഇന്ത്യയില്‍? ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഗുജറാത്തില്‍ അസംബ്ലിംഗ് പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് ടെസ്‌ല ഏറെ വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന വ്യവസായമന്ത്രി ബല്‍വന്ത് സിംഗ് രജ്പുത്. ഈ മാസം അരങ്ങേറുന്ന 'വൈബ്രന്റ് ഗുജറാത്ത്' നിക്ഷേപക സംഗമത്തില്‍ ടെസ്‌ല മേധാവി എലോണ്‍ മസ്‌ക് പങ്കെടുത്തേക്കും. ടെസ്‌ലയുടെ ഇന്ത്യാ പ്രവേശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും സംഗമത്തിലാണ് പ്രതീക്ഷിക്കുന്നത്.

നികുതിയിളവും കേന്ദ്രത്തിന്റെ മറുപടിയും
ആഗോളതലത്തില്‍ തന്നെ മികച്ച സ്വീകാര്യതയുള്ള പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ടെസ്‌ല. ഇന്ത്യയില്‍ വില്‍പന ആരംഭിക്കാനായി ടെസ്‌ല ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. നിലവില്‍ പൂർണമായും വിദേശത്ത് നിര്‍മ്മിച്ച കാറുകളുടെ ഇറക്കുമതിക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി നികുതി ഈടാക്കുന്നുണ്ട്. ഇത് പാതിയിലും താഴെയായി കുറയ്ക്കണമെന്ന നിബന്ധന ടെസ്‌ല കേന്ദ്രസര്‍ക്കാരിന് മുന്നില്‍വച്ചിരുന്നു.
ഈ ആവശ്യം ഇതുവരെ പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍, ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നത് ആലോചിച്ചാല്‍ ഇളവുകളും പരിഗണിക്കാമെന്ന മറുപടിയാണ് നല്‍കിയിരുന്നത്. ഇതിനിടെ കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്‌ല മേധാവി എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 2024ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും വലിയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും അന്ന് മസ്‌ക് പറഞ്ഞിരുന്നു.
ഗുജറാത്തിന്റെ വാഗ്ദാനങ്ങള്‍
ടെസ്‌ല അടക്കം നിരവധി കമ്പനികള്‍ ഗുജറാത്തില്‍ നിക്ഷേപ പദ്ധതികള്‍ക്കായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത് പറഞ്ഞു. സെമികണ്ടക്ടറുകള്‍, ഐ.ടി., ഇലക്ട്രോണിക്‌സ് മേഖലകളില്‍ നിക്ഷേപസൗഹൃദ നയം സംസ്ഥാനം ആവിഷ്‌കരിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് അനുകൂലമായി 20ലേറെ നയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Related Articles
Next Story
Videos
Share it