ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കാന്‍ ടെസ്‌ല

വൈദ്യുത വാഹന (ഇ.വി) നിര്‍മാതാക്കളായ ടെസ്‌ല ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഏകദേശം 16,000 കോടി രൂപ മൂല്യമുള്ള വാഹന നിര്‍മാണ ഘടകങ്ങള്‍ വാങ്ങുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടെസ്‌ല ഏകദേശം 8200 കോടി രൂപയുടെ ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയിരുന്നു.

മുന്നോട്ട് പോകുന്തോറും വൈദ്യുത വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കുമെന്നും ടെസ്‌ല പോലുള്ള കമ്പനികളുടെ സഹകരണം ഈ മേഖലയുടെ വളര്‍ച്ചയെ സഹായിക്കുമെന്നും ഓട്ടോമോട്ടീവ് കോംപോണന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ACMA) വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

2029ഓടെ 9.3 ലക്ഷം കോടി രൂപ

ഇന്ധനച്ചെലവ് വര്‍ധിക്കുന്നതിനിടയില്‍ ഇന്ത്യയിലെ വൈദ്യുതവാഹന വിപണി കുതിച്ചുയരുകയാണ്. 28 ലക്ഷം വൈദ്യുത വാഹനങ്ങള്‍ ഇതിനകം തന്നെ നിരത്തിലുണ്ട്. ഇന്ത്യയുടെ ഇ.വി വിപണി 2030ഓടെ 94.4% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് ഉയരാന്‍ ഒരുങ്ങുകയാണ്. ആഗോള-പ്രാദേശിക വാഹന നിര്‍മാതാക്കള്‍ ഈ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ ഇ.വി വിപണിയുടെ മൂല്യം 2022ലെ 27,000 കോടി രൂപയില്‍ നിന്നും 2029ഓടെ 9.3 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വൈദ്യുത വാഹനനിര്‍മാതാക്കളെ ആകര്‍ഷിക്കുന്നതിനും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യ പുതിയ നയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നയത്തിലുണ്ടായേക്കും. പുതിയ നയത്തെക്കുറിച്ച് വ്യവസായങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.


Related Articles

Next Story

Videos

Share it