ലോകത്ത് ഏറ്റവും കൂടിയ വിലയുമായി ടെസ്ല കാര്‍ ഇന്ത്യയില്‍, യു.എസില്‍ ₹38 ലക്ഷമെങ്കില്‍ ഇവിടെ ₹60 ലക്ഷം; ടെസ്ല ഷോറൂം തുറന്നപ്പോള്‍ ഭീഷണി ഏതു കമ്പനിക്ക്?

സ്റ്റാന്‍ഡേര്‍ഡ്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡിന് 59.89 ലക്ഷം രൂപയും ലോംഗ് റേഞ്ചിന് 67.89 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില
Tesla Model Y
Tesla website
Published on

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യയിലെത്തി. 59.89 ലക്ഷം എക്‌സ്‌ഷോറൂം വില വരുന്ന മോഡല്‍ വൈയാണ് (Model Y) കമ്പനി ഇന്ത്യയിലെത്തിച്ച ആദ്യ വാഹനം. റിയ വീല്‍ ഡ്രൈവ് പതിപ്പ് മാത്രമാണ് രാജ്യത്ത് ലഭ്യമാവുക. മുംബൈ നഗരത്തിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സില്‍ പുതിയ ഷോറൂമും ടെസ്‌ല തുറന്നിട്ടുണ്ട്. ടെസ്‌ല എക്‌സ്പീരിയന്‍സ് സെന്റര്‍ എന്ന് പേരിട്ട ഷോറൂമുകള്‍ ഡല്‍ഹി അടക്കമുള്ള മറ്റ് മെട്രോ നഗരങ്ങളിലും ഉടനെത്തുമെന്നാണ് വിവരം.

Tesla Model Y
Tesla Website

മോഡല്‍ വൈ

ടെസ്‌ലയുടെ മിഡ്‌സൈസ് എസ്.യു.വി ശ്രേണിയില്‍ വരുന്ന വാഹനമാണിത്. സ്റ്റാന്‍ഡേര്‍ഡ്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡിന് 59.89 ലക്ഷം രൂപയും ലോംഗ് റേഞ്ചിന് 67.89 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. രണ്ട് മോഡലുകളുടെയും ബുക്കിംഗ് ടെസ്‌ല വെബ്‌സൈറ്റില്‍ തുടങ്ങി. സെപ്റ്റംബറിന് ശേഷം വാഹനം ഡെലിവറി ചെയ്യുമെന്നാണ് വിവരം. വാഹനം സ്വയം ഡ്രൈവ് ചെയ്യുന്ന ഓട്ടോണോമസ് ഫീച്ചര്‍ വേണമെങ്കില്‍ 6ലക്ഷം രൂപ അധികം നല്‍കണം. തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, ഗുരുഗ്രാം നഗരങ്ങളിലാണ് വാഹനം ലഭ്യമാവുക.

ഫീച്ചറുകള്‍

ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനമാണ് മോഡല്‍ വൈ. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗമെത്താന്‍ 5.9 സെക്കന്‍ഡ് മതി. ലോംഗ് റേഞ്ച് പതിപ്പിന് 622 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 5.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 201 കിലോമീറ്ററാണ് രണ്ട് മോഡലുകളുടെയും ഉയര്‍ന്ന വേഗം. 15.3 സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 8 ഇഞ്ച് റിയര്‍ ടച്ച് സ്‌ക്രീന്‍, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് ഗ്ലാസ് റൂഫ്, 8 എക്സ്റ്റീരിയര്‍ ക്യാമറകള്‍ തുടങ്ങിയ ഫീച്ചറുകളും വണ്ടിയിലുണ്ട്. നാല് വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വരെയാണ് വാറണ്ടി.

Interior Of Tesla Model Y
Tesla Website

പണി ആര്‍ക്ക്

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണെങ്കിലും ആകെ വില്‍പ്പനയുടെ നാല് ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വക. ഈ വിപണിയിലേക്ക് ടെസ്‌ലയുടെ വരവ് ഏതൊക്കെ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ വാഹന ലോകത്തെ സംസാരം. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര പോലുള്ള ഇന്ത്യന്‍ കമ്പനികളേക്കാള്‍ ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡുകളായ ബി.എം.ഡബ്ല്യൂ, മെഴ്‌സിഡീസ് ബെന്‍സ് തുടങ്ങിയവര്‍ക്കാണ് ടെസ്‌ല തിരിച്ചടിയാകുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കിയ ഇവി6, വോള്‍വോ സി40 ചാര്‍ജ് എന്നീ മോഡലുകളുമായും മത്സരം കടുക്കുമെന്നാണ് കരുതുന്നത്.

ഇതിനേക്കാള്‍ വില വേറെങ്ങുമില്ല

ടെസ്‌ല മോഡല്‍ വൈ വാഹനങ്ങള്‍ക്ക് ലോകത്ത് ഏറ്റവും വില കൊടുക്കേണ്ടി വരുന്ന രാജ്യമാകും ഇന്ത്യ. യു.എസില്‍ 44,900 ഡോളറും ചൈനയില്‍ 36,700 ഡോളറും ജര്‍മനിയില്‍ 45,970 ഡോളറുമാണ് വില വരുന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ വില 70,000 ഡോളറായി. വിദേശ വാഹനങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണ് വില വര്‍ധിക്കാന്‍ കാരണം. സ്വന്തം ഫാക്ടറി തുറക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും നിലവില്‍ ചൈനയില്‍ നിന്നും കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സി.ബി.യു) രൂപത്തിലാണ് മോഡല്‍ വൈ എത്തുന്നത്. നികുതി കുറക്കാന്‍ ഇന്ത്യയും അമേരിക്കയും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുസൃതമായ ഇടത് വശത്ത് സ്റ്റിയറിംഗുള്ള മോഡലുകള്‍ അമേരിക്കയില്‍ നിര്‍മിക്കുന്നില്ലെന്നതും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

Tesla’s Model Y enters India priced from ₹59.89 lakh, influenced by steep import duties. The electric SUV will compete with luxury EVs in India’s growing market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com