

ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കാറിന്റെ സ്വയം നിയന്ത്രിത സംവിധാനത്തിനെതിരെ (Self Driving Feature) അന്വേഷണം. സെല്‍ഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‌ല കാറുകള്‍ റെഡ് ലൈറ്റ് ലംഘിച്ചതായും റോംഗ് സൈഡിലേക്ക് കയറാന്‍ ശ്രമിച്ചെന്നും മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയെന്നും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് യു.എസ് നാഷണല്‍ ഹൈവേ ട്രാഫിക്ക് സുരക്ഷാ വകുപ്പ് (എന്‍.എച്ച്.ടി.എസ്.എ)അന്വേഷണം പ്രഖ്യാപിച്ചത്.
സെല്‍ഫ് ഡ്രൈവ് മോഡിലുള്ള ടെസ്‌ല കാറുകള്‍ അപകടമുണ്ടാക്കിയ 58 സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. ഗതാഗത നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്നും ഹൈവേ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഭവങ്ങളില്‍ ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു. ചിലയിടങ്ങളില്‍ തീപിടുത്തവുമുണ്ടായി. 29 ലക്ഷം ടെസ്‌ല കാറുകളുടെയും സെല്‍ഫ് ഡ്രൈവ് മോഡില്‍ അന്വേഷണം നടക്കുമെന്നാണ് ഏജന്‍സി പറയുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ടെസ്‌ല കാറുകള്‍ വിചിത്രമായി പെരുമാറിയെന്ന് ഉപയോക്താക്കള്‍ പരാതി പറഞ്ഞതായും ഏജന്‍സി ചൂണ്ടിക്കാട്ടി. റെയില്‍വേ ക്രോസിംഗുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞാലും ടെസ്‌ല കാറുകള്‍ നിറുത്താന്‍ തയ്യാറാകുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചുവപ്പ് ലൈറ്റ് കണ്ടാല്‍ നിറുത്താത്ത കാറുകള്‍ ചിലപ്പോള്‍ പച്ച ലൈറ്റ് കണ്ടാല്‍ പെട്ടെന്ന് നിറുത്തുന്നതായും ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.
ടെസ്‌ല കാറുകള്‍ക്കെതിരെ ഇതിനോടകം ഹൈവേ സുരക്ഷാ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്നും ഉടമയുള്ള ഇടത്തേക്ക് കാറുകളെ വിളിച്ചുവരുത്താവുന്ന സമന്‍ ഓപ്ഷന്‍ ഏജന്‍സിയുടെ അന്വേഷണ നിഴലിലാണ്. അപകടമുണ്ടാക്കിയാലും ടെസ്‌ല കാറുകള്‍ ഇക്കാര്യം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും ആരോപണമുണ്ട്.
പൊതുജന സുരക്ഷക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയാല്‍ വാഹനങ്ങളെ തിരിച്ചുവിളിക്കാനുള്ള അധികാരം എന്‍.എച്ച്.ടി.എസ്.എക്കുണ്ട്. ഇതിന്റെ ആദ്യഘട്ടമാണ് അന്വേഷണം. അന്വേഷണം പ്രഖ്യാപിച്ചതോടെ ടെസ്‌ല ഓഹരികളും ഇടിവിലാണ്. ഡ്രൈവറുടെ പൂര്‍ണ സമയ ശ്രദ്ധ ആവശ്യമായ ലെവല്‍ 2 ഡ്രൈവര്‍ അസിസ്റ്റന്റ് സോഫ്റ്റ്‌വെയറിനെക്കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധ ആവശ്യമില്ലാത്ത പുതിയ സെല്‍ഫ് ഡ്രൈവിംഗ് ഓപ്ഷനും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ടെസ്‌ല.
Read DhanamOnline in English
Subscribe to Dhanam Magazine