
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല (Tesla Inc) ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില്‍ തുറക്കും. ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വരവ് ടെസ്‌ല ഉറപ്പാക്കുന്നത്.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളാണ് ആദ്യം ഷോറൂമില്‍ വില്‍പ്പനയ്ക്ക് എത്തിയ്ക്കുക. ആദ്യ സെറ്റ് കാറുകള്‍ ഇന്ത്യയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ലയുടെ മോഡല്‍-വൈ റിയര്‍ വീല്‍ ഡ്രൈവ് എസ്.യുവി കാറുകളായിരിക്കും ആദ്യം ഇന്ത്യന്‍ നിരത്തിലേക്ക് എത്തിക്കുക. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഇലക്ട്രിക് കാറാണ് മോഡല്‍ വൈ.
കാറിനൊപ്പം സൂപ്പര്‍ ചാര്‍ജര്‍ ഘടകങ്ങള്‍, കാര്‍ ആക്‌സസറികള്‍, ഉത്പന്നങ്ങള്‍, സ്‌പെയറുകള്‍ എന്നിവയും യു.എസ്, ചൈന, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
ജൂലൈ പകുതിയോടെ മുംബൈയിലെ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഒരു വര്‍ഷത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുക. ഇറക്കുമതി താരിഫിനെ ചൊല്ലി ഇലോണ്‍ മസ്‌കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ടെസ്‌ലയുടെ വരവ് അനിശ്ചിതത്വത്തിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതാണ് വീണ്ടും ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വഴി തുറക്കാന്‍ കാരണം.
യൂറോപ്പ്, ചൈന വിപണികളില്‍ വാഹന വില്‍പ്പന കുറയുന്നതിനിടെയാണ് ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. ചൈനയിലും യൂറോപ്പിലും വില്‍പ്പന മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയെ പ്രതീക്ഷയോടെയാണ് ടെസ്‌ല കാണുന്നത്.
Tesla confirms India entry with Mumbai showroom launch and Model Y imports amid global market slowdown.
Read DhanamOnline in English
Subscribe to Dhanam Magazine