എംജി മോട്ടോഴ്‌സ് ഫാക്ടറി ഒരാഴ്ചത്തേക്ക് അടച്ചിടും, കാരണമിതാണ്

രാജ്യത്ത് ജനപ്രിയമായ ഹെക്ടര്‍ എസ് യു വി കാര്‍ നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് തങ്ങളുടെ ഫാക്ടറി ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നു. ഗുജാത്തിലെ ഹലോളിലെ ഫാക്ടറിയാണ് കോവിഡ് രൂക്ഷമായതിനെ തുടര്‍ന്നും പാര്‍ട്ടുകളുടെ ക്ഷാമവും കാരണം ഒരാഴ്ചത്തേക്ക് ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ ഹാലോള്‍ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് കമ്പനി അറിയിച്ചു.

നേരത്തെ തന്നെ ചിപ് അടക്കമുള്ള പാര്‍ട്ടുകളുടെ ക്ഷാമുണ്ടായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ കോവിഡ് അതിതീവ്രമായതോടെ ഇവയുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും കൂടുതല്‍ തടസങ്ങള്‍ നേരിടേണ്ടിവരികയാണ്. ഇത് എംജി മോട്ടോര്‍ ഇന്ത്യയുടെ ഏപ്രിലിലെ ഉല്‍പ്പാദനത്തെ 20-30 ശതമാനം വരെ ബാധിച്ചേക്കും. മെയ് മാസം ഉല്‍പ്പാദനത്തില്‍ വലിയ തോതില്‍ കുറവുണ്ടാകാനും സാധ്യതയുണ്ട്.
ടൊയോട്ട കിര്‍ലോസ്‌കറും ആഴ്ചകളായി ഫാക്ടറി അടച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ഫാക്ടറി അടച്ചതെന്നാണ് കമ്പനി പറഞ്ഞത്. എന്നാലും കോവിഡ് വ്യാപനവും സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങളും ഏപ്രില്‍, മെയ് മാസങ്ങളിലെ അടച്ചുപൂട്ടലിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
എംജി മോട്ടോര്‍ ഇന്ത്യ 2020 ല്‍ 28,000 കാറുകളാണ് വിറ്റഴിച്ചത്, വിപണി വിഹിതത്തിന്റെ 1.2 ശതമാനം. 2021 ല്‍ 50,000 കാറുകള്‍ വില്‍പ്പന നടത്താനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കമ്പനി ഫാക്ടറി അടച്ചിട്ടതിനാല്‍ ഈ നേട്ടം കൈവരിക്കാനാകുമോയെന്നത് സംശയകരമാണ്. നേരത്തെ ഇന്ത്യയില്‍ 3,000 കോടി രൂപ നിക്ഷേപിച്ച എംജി മോട്ടോര്‍, അതിവേഗം വളരുന്ന ഇടത്തരം എസ്‌യുവി പുറത്തിറക്കുന്നതിനായി 1,500 കോടി രൂപ അധിക നിക്ഷേപം നടത്തിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it