കുതിച്ചുയരുന്ന ഇന്ധന വിലയിലും യാത്രാ വാഹനവിപണി മുന്നോട്ട്‌

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയിലും യാത്ര വാഹനവിപണി സജീവമായി തുടരുന്നു. മഹാമാരിയുടെ കാലത്തും ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിൻബലത്തിൽ കാർ ബുക്കിങ്ങിനും റീട്ടെയിൽ വിൽപ്പനക്കും ആവശ്യക്കാരേറുന്നു.

യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർദ്ധനവുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളുടെ വിലവർധന ഉപഭോക്താക്കളെ അകറ്റുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കോവിഡിൻ്റെ രണ്ടാം വരവും, തുടർച്ചയായുള്ള ഇന്ധന വില വർധനവും, രാജ്യത്തെ പണപ്പെരുപ്പവും ദീർഘകാല അടിസ്ഥാനത്തിൽ വിപണിയെ ബാധിക്കുമെന്ന ഭയമാണ് നിലവിൽ കാറുകൾക്ക് ആവശ്യക്കാരേറാൻ കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്.
"ഞങ്ങൾ ഇപ്പോഴും സ്ഥിരമായ ബുക്കിംഗുകളും റീട്ടെയിൽ വിൽപ്പനയും കാണുന്നു. വ്യവസായത്തെ ബാധിക്കുന്ന വിതരണ പ്രശ്‌നങ്ങളും ഇതിന് കാരണമാകാം," രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
നിലവിലെ ബുക്കിങ്ങുകളുടെ വിതരണം നീണ്ടു പോവുകയാണെങ്കിൽ, ഭാവിയിലെ വിപണനത്തെ സാരമായി ബാധിക്കുമെന്നാണ് ടൊയോട്ടോ കിർലോസ്കർ സീനിയർ വൈസ് പ്രസിഡൻറ് നവീൻ സോണിയുടെ വിലയിരുത്തൽ.
2021 ൽ മാത്രം 24 തവണയാണ് പെട്രോൾ ഡീസൽ വിലയിൽ വർധനവുണ്ടായത്. പെട്രോളിന് 6 രൂപ 87 പൈസയും, ഡീസലിന് 7 രൂപ 10 പൈസയുമാണ് കൂടിയത്. ഉയർന്ന ഇന്ധനവില നിലനിൽക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളിൽ ഇന്ധനക്ഷമതയെയും, വാഹനങ്ങളുടെ പ്രവർത്തന ചെലവിനെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്. റീട്ടെയിൽ വിലകൾ ആഗോള വിപണിയുമായി സന്തുലിതമാവേണ്ടതിനാൽ ഇന്ധനവില ഇനിയും വർധിച്ചേക്കും.
പെട്രോളിനെ അപേക്ഷിച്ച് ഡീസലിന് വിലക്കുറവ് തുടരുകയാണെങ്കിൽ, ഉപഭോക്താക്കൾ ഡീസൽ മോഡൽ വാഹനങ്ങളിലേക്ക് ആകൃഷ്ടരായേക്കാം. എസ്.യു.വി യേക്കാൾ എൻട്രി ലെവൽ കാറുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് ശശാങ്ക് ശ്രീവാസ്ത വയുടെ വിലയിരുത്തൽ.
ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏത് ഇന്ധനമാണ് എന്നതിലല്ല,മറിച്ച് കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിനാണ് മുൻഗണനയെന്ന് നവീൻ സോണി കൂട്ടിച്ചേർക്കുന്നത്.
2021 മുതൽ തുടർച്ചയായി ഇന്ധന വില വർധിക്കുന്നത് ഉപഭോക്തൃ വികാരത്തെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഈ വികാരങ്ങൾ മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിലും വാഹന വ്യവസായത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര & മഹീന്ദ്ര യിലെ ഓട്ടോമാറ്റിവ് സി.ഇ.ഒ വീജയ് നാക്ര.
പെട്രോൾ ഡീസൽ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറഞ്ഞ സി.എൻ.ജി വാഹനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു.
പെട്രോൾ വാഹന വിപണിയിൽ ഗണ്യമായ ഇടിവ് ഉണ്ടാകാത്തതും എസ്.യു.വി വാഹനങ്ങൾക്ക് പ്രിയമേറുന്നതും വിപണിയെ സജീവമായി നിലനിർത്തുന്നു എന്ന് ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് വിങ്കേഷ് ഗുലാട്ടി അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it