വില പത്ത് ലക്ഷത്തില്‍ താഴെ, കൂടാതെ നല്ല മൈലേജും: കാറുകള്‍ ഏതൊക്കെയെന്ന് അറിയാം

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയാണ് മെച്ചപ്പെട്ട ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നത്
വില പത്ത് ലക്ഷത്തില്‍ താഴെ, കൂടാതെ നല്ല മൈലേജും:  കാറുകള്‍ ഏതൊക്കെയെന്ന് അറിയാം
Published on

പെട്രോളിനും ഡീസലിനും വില കുതിച്ചുയരുകയാണ്. എന്നാല്‍ ഇന്ധന വില കൂടുന്നുണ്ടെന്ന് കരുതി ഇന്നത്തെ കാലത്ത് കാര്‍ വാങ്ങാതിരിക്കാനാവില്ലല്ലോ... ഈ സാഹചര്യത്തില്‍ പുതിയ വാഹനം വാങ്ങിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരൊക്കെ ആദ്യം നോക്കുന്നത് നല്ല ഇന്ധനക്ഷമതയുള്ള കാറുകള്‍ ഏതൊക്കെയാണെന്നാണ്. പത്ത് ലക്ഷത്തില്‍ താഴെ വില വരുന്ന നല്ല മൈലേജ് തരുന്ന വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

മാരുതി സുസുകി ഡിസയര്‍

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞവര്‍ഷമാണ് പുതിയ ഡിസയര്‍ അവതരിപ്പിച്ചത്. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് യൂണിറ്റ് എഞ്ചിനുമായി എത്തിയ ഡിസയര്‍ മെച്ചപ്പെട്ട കാര്യക്ഷമതയും നല്‍കുന്നുണ്ട്. 88 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. 24.12 കിലോമീറ്റര്‍ മൈലേജാണ് ഈ വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്. 7.41 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പ് 8.90 ലക്ഷം രൂപയ്ക്കും (എക്‌സ്‌ഷോറൂം വില) വിപണിയില്‍ ലഭിക്കും.

മാരുതി സുസുകി സ്വിഫ്റ്റ്

ഡിസയറില്‍നിന്ന് സമാനമായ എഞ്ചിനും ട്രാന്‍സ്മിഷനുമാണ് മാരുതി സുസുകി സ്വിഫ്റ്റിലുള്ളത്. എന്നാല്‍ ഭാരം കുറവാണെങ്കിലും ഡിസയറിന്റെ അത്ര കാര്യക്ഷമത സ്വിഫ്റ്റിനില്ല. 23.76 കിലോമീറ്റര്‍ മൈലേജാണ് കമ്പനി സ്വിഫ്റ്റിന് അവകാശപ്പെടുന്നത്. 6.86 ലക്ഷം രൂപയാണ് സ്വിഫ്റ്റിന്റെ എക്‌സ് ഷോറൂം വില.

ഡാറ്റ്‌സണ്‍ റെഡി-ഗോ

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച്ബാക്കുകളിലൊന്നാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ. എഎംടിയുമായി ജോടിയാക്കിയ ഇതിന് 1.0 ലിറ്റര്‍ എഞ്ചിനാണുള്ളത്. 22 കിലോമീറ്റര്‍ മൈലേജാണ് ഇതിന് കമ്പനി അവകാശപ്പെടുന്നത്. 4.92 ലക്ഷം രൂപയാണ് ഡാറ്റ്സണ്‍ റെഡി-ഗോയുടെ എക്‌സ് ഷോറൂം വില.

റെനോ ക്വിഡ്

ബിഎസ് 4 വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറുകളിലൊന്നായ ക്വിഡിന് ബിഎസ് 6 ല്‍ ഇത് നഷ്ടപ്പെടുത്തേണ്ടി വന്നു. 1.0 ലിറ്റര്‍ എഞ്ചിനിലും 800 സിസിയിലുമായി എത്തുന്ന ക്വിഡിന് 22 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. 4.72 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.

മാരുതി സുസുകി വാഗണ്‍ആര്‍

വാഗണ്‍ആര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ എഞ്ചിന്‍ 67 എച്ച്പി പവറും 90 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് എഎംടിയുമായി ജോടിയാക്കുമ്പോള്‍ 21.79 കിലോമീറ്റര്‍ മൈലേജ് ലഭ്യമാകും. 5.48 ലക്ഷം രൂപയാണ് വാഗണ്‍ആറിന്റെ എക്‌സ്‌ഷോറൂം വില.

മാരുതി സുസുകി എസ്-പ്രസ്സോ

വാഗണ്‍ആറിന്റെ അതേ എഞ്ചിനാണ് എസ്-പ്രസ്സോയിലും പ്രവര്‍ത്തിക്കുന്നത്. 21.7 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. എക്‌സ് ഷോറൂം വില 4.82 ലക്ഷം രൂപ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com