തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് ചിലവേറും, കരട് വിജ്ഞാപനം ഇറങ്ങി

രാജ്യത്ത് തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സിന്റെ പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഗതാഗത മന്ത്രാലയം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് തീരുമാനം നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.

വാഹന അപകടം മൂലം പൊതു ജനങ്ങള്‍ക്കോ അവരുടെ സ്വത്തുക്കള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടമാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലൂടെ കവര്‍ ചെയ്യുന്നത്. 2022-23 സാമ്പത്തിക വര്‍ത്തില്‍ പുതിയ നിരക്കുകള്‍ പ്രബല്യത്തില്‍ വരുത്താനാണ് ലക്ഷ്യം. രണ്ട് വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് മോട്ടോര്‍ വാഹന വിഭാഗത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് വര്‍ധിപ്പിക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും പ്രീമിയം നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു.

പുതിയ കരട് പ്രകാരം 150 മുതല്‍ 350 ക്യൂബിക് കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയായിരിക്കും പുതുക്കിയ തേര്‍ഡ് പാര്‍ട്ടി പ്രീമിയം. 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2,804 രൂപ പ്രീമിയം അടയ്ക്കണം. 1000 സിസി വരെയുള്ള സ്വകാര്യ നാലുചക്ര വാഹനങ്ങള്‍ക്ക് 2,094 രൂപയാണ് പ്രീമിയം. 1,000- 1500 സിസി മോഡലുകള്‍ക്ക് 3,416 രൂപയും 1500 സിസിക്ക് മുകളിലുള്ളവയ്ക്ക് 7,897 രൂപയുമാണ് പുതുക്കിയ പ്രീമിയം നിരക്ക്.

പൊതു ചരക്കുകള്‍ കയറ്റുന്ന കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക്, ഭാരം താങ്ങാവുന്ന ശേഷി അനുസരിച്ച് 16,049- 44,242 രൂപനിരക്കിലാണ് പ്രീമിയം. സ്വകാര്യ ചരക്കുകള്‍ കയറ്റുന്ന കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 8,510-25,038 രൂപ നിരക്കിലാണ് പുതിയ പ്രീമിയം. എല്ലാ വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) പ്രീമിയം നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും.

ഇരു ചക്ര ഇവികള്‍ക്ക് കിലോവാട്ട് ശേഷി അനുസരിച്ച് 457-2,383 രൂപ നിരക്കിലാണ് വിജ്ഞാപനത്തില്‍ പ്രീമിയം തുക നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ഇലക്ട്രിക് കാറുകള്‍ക്ക് 1,780-6,712 രൂപ നിരക്കിലും പ്രീമിയം തുക നിലവില്‍ വരും. ഹൈബ്രിഡ് ഇവികള്‍ക്ക് തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ 7.5 ശതമാനത്തിന്റെ ഇളവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it