Begin typing your search above and press return to search.
മാരുതിക്ക് പിന്നാലെ ഉല്‍പ്പാദനം വെട്ടിക്കുറച്ച് മഹീന്ദ്രയും, കാരണമിതാണ്
ആഗോളതലത്തില്‍ ചിപ്പ് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ മാരുതിക്ക് പിന്നാലെ ഉല്‍പ്പാദനം വെട്ടിക്കറിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്രയും. സെപ്റ്റംബര്‍ മാസത്തില്‍ 25 ശതമാനം വരെ ഉല്‍പ്പാദനം കുറയ്ക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്. നേരത്തെ, സെപ്റ്റംബറില്‍ 60 ശതമാനം ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് മാരുതി സുസുകി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ ഏഴ് ദിവസം ഉല്‍പ്പാദനമില്ലാത്ത ദിവസമായിരിക്കും. ഇതനുസരിച്ച് ഈമാസത്തെ ഉല്‍പ്പാദനം 20-25 ശതമനം വരെ കുറയുമെന്നും വാഹന നിര്‍മാതാക്കള്‍ റെഗുലേറ്ററി ഫയലില്‍ പറഞ്ഞു.
അതേസമയം, ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് ട്രാക്ടര്‍, ട്രക്കുകള്‍, ബസ്, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എക്‌സ്‌യുവി പ്രൊഡക്ഷന്‍ റാംപ്-അപ്പ്, ലോഞ്ച് പ്ലാനുകള്‍ എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും കമ്പനി പറയുന്നു. ചിപ്പ് ക്ഷാമം കാരണം, ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. കഴിഞ്ഞ മാസത്തില്‍ കാറുകളുടെ വില്‍പ്പനയില്‍ മാത്രം 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഉപഭോഗം വ്യാപകമായതോടെ ലാപ്ടോപ്പുകളുടെയും മൊബൈല്‍ ഫോണുകളുടെയും വില്‍പ്പന വര്‍ധിച്ചതോടെയാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചിപ്പുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയത്. ചിപ്പുകളുടെ പ്രധാന വിതരണ വിപണികളിലൊന്നായ മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപകമായതും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചു. മാരുതിക്ക് ചിപ്പുകള്‍ ലഭ്യമാക്കുന്ന ബോഷിന്റെ മലേഷ്യയിലെ പ്ലാന്റ് അടച്ചുപൂട്ടിയതാണ് മാരുതിയുടെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ കാരണമായത്.
Next Story
Videos