വന്‍ നിക്ഷേപവുമായി വിയറ്റ്‌നാം വൈദ്യുത വാഹന കമ്പനി ഇന്ത്യയിലേക്ക്

പ്രമുഖ അമേരിക്കന്‍ വൈദ്യുത വാഹന (EV) നിര്‍മാതാക്കളായ ടെസ്‌ലയുടെ എതിരാളിയെന്ന് വിശേഷണമുള്ള വിയറ്റ്‌നാം വൈദ്യുത വാഹന കമ്പനി വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നതായി സൂചന. കമ്പനി ഗുജറാത്തിലോ തമിഴ്നാട്ടിലോ വാഹന നില്‍മാണ് ഫാക്ടറി സ്ഥാപിച്ചേക്കുമെന്ന് സൂചന.

ഈ നിക്ഷേപ പദ്ധതിയുമായി വിന്‍ഫാസ്റ്റ് ഓട്ടോ മുന്നോട്ട് പോകുകയാണെങ്കില്‍ ഇന്ത്യയില്‍ വിപണി സ്ഥാപിക്കുന്ന ആദ്യത്തെ വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായിരിക്കും ഇത്. 2024ല്‍ ആരംഭിക്കുന്ന കമ്പനിയുടെ അടുത്ത ഘട്ട വികസനത്തിനായി ഇന്ത്യയുള്‍പ്പെടെയുള്ള പുതിയ വിപണികളില്‍ ചുവടുറപ്പിക്കാന്‍ പദ്ധതിയിടുന്നതായി അടുത്തിടെ നടന്ന രണ്ടാംപാദ വരുമാന പ്രഖ്യാപനത്തിനിടെ വിന്‍ഫാസ്റ്റ് അറിയിച്ചിരുന്നു.

ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനി

വിയറ്റ്‌നാമിലെ ഏറ്റവും ധനികനായ ഫാം നാറ്റ് വൂങ്ങിന്റെ പിന്തുണയുള്ള വിന്‍ഗ്രൂപ്പിന്റെ ഇ.വി വിഭാഗമാണ് 2017ല്‍ സ്ഥാപിതമായ വിന്‍ഫാസ്റ്റ് ഓട്ടോ. കമ്പനി ജൂണ്‍ 30 വരെ 18,700 വൈദ്യുത വാഹനങ്ങള്‍ വിറ്റഴിച്ചു. ഇതില്‍ കൂടുതലും വിറ്റഴിച്ചത് വിയറ്റ്‌നാമിലാണ്. എന്നാല്‍ വിയറ്റ്‌നാമിന് അപ്പുറത്തേക്ക് വിപണി വികസിപ്പിക്കുന്നതിനാല്‍ കമ്പനി ഈ വര്‍ഷം 40,000 മുതല്‍ 50,000 വരെ വാഹനങ്ങളുടെ വില്‍പ്പന പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ മാസം ലോകത്തെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കാര്‍ നിര്‍മാതാവായി ഉയര്‍ന്ന കമ്പനിയാണ് വിന്‍ഫാസ്റ്റ് ഓട്ടോ. ടെസ്‌ലയും പിന്നാലെ ടൊയോട്ടയുമാണ് വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ വലിയ വാഹന നിര്‍മാണ കമ്പനികള്‍. നിലവില്‍ കമ്പനിക്ക് ലോകമെമ്പാടും 120ല്‍ അധികം ഷോറൂമുകളുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it