Begin typing your search above and press return to search.
പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടികള്‍ക്കും ശാപമോക്ഷം; സംസ്ഥാനത്ത് മൂന്നു വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഉടന്‍
കാലപ്പഴക്കം ചെന്ന വണ്ടികള്‍ പൊളിക്കാനുള്ള കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുന്നു. മൂന്ന് മേഖലകളിലായി മൂന്ന് പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് തീരുമാനം. തെക്കന്‍ മേഖലയിലേത് തിരുവനന്തപുരത്ത് വരും. മധ്യ, വടക്കന്‍ മേഖലകളില്‍ പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടി ഉടനുണ്ടാകുമെന്നാണ് വിവരം.
ആദ്യകേന്ദ്രം തിരുവനന്തപുരത്ത്
വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം സജ്ജമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് പകരം റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ബ്രെത്ത്‌വെയിറ്റ് ആന്‍ഡ് കോ ലിമിറ്റഡുമായി ചേര്‍ന്നാണ് തിരുവനന്തപുരത്ത് പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നത്. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബ്രത്ത്‌വെയിറ്റിന് കൈമാറും. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതഭാഗം കെ.എസ്.ആര്‍.ടി.സിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ.
പൊളിക്കല്‍ നയം
2021 ഓഗസ്റ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ ദേശീയ വാഹനം പൊളിക്കല്‍ നയത്തിന് (നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി) രൂപം നല്‍കിയത്. ഈ നയമനുസരിച്ച് യാത്രാവാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. ഇതിന് ശേഷം ഫിറ്റ്‌നെസ് പരീക്ഷയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. മാത്രവുമല്ല ഈ കാലാവധി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ചാര്‍ജും വന്‍തോതില്‍ വര്‍ധിക്കും. വാഹനം പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ ഇളവുകള്‍ അനുവദിക്കാനും വ്യവസ്ഥയുണ്ട്. ഇത്തരം ഉപയോക്താക്കള്‍ക്ക് സംസ്ഥാനങ്ങള്‍ റോഡ് ടാക്സ് ഇനത്തില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്നും ചട്ടം പറയുന്നു.
സര്‍ക്കാര്‍ വണ്ടികളും പൊളിക്കും
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊളിക്കല്‍ നയം ബാധകമാണ്. അതായത് പതിനഞ്ച് വര്‍ഷം ഉപയോഗിച്ച വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും പൊളിക്കാന്‍ കൊടുക്കണം. എത്ര സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുണ്ടെന്ന് പരിശോധിക്കാനും അവയുടെ വില നിശ്ചയിക്കാനും മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിനൊപ്പം വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ്-ഫോറസ്റ്റ് സ്‌റ്റേഷനുകളിലും ദീര്‍ഘകാലമായി കിടക്കുന്ന വാഹനങ്ങളും അവകാശികളില്ലാത്തവയും വില നിശ്ചയിച്ച് പൊളിക്കാനാണ് ധാരണ. സംസ്ഥാനത്ത് പതിനയ്യായിരത്തോളം വാഹനങ്ങള്‍ ഇത്തരത്തിലുണ്ടാകുമെന്നാണ് കണക്ക്. ഇതില്‍ ആറായിരവും പൊലീസ് സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടവയാണ്. ഇതുകൂടാതെ കെ.എസ്.ആര്‍.സിയുടെ 4,714 ബസുകളും ആരോഗ്യ വകുപ്പിലെ 868 വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിലെ 68 വാഹനങ്ങളും പൊളിക്കേണ്ടി വരും.
പൊളിച്ചാല്‍ കിട്ടും അടിപൊളി ഡിസ്‌ക്കൗണ്ട്
അതേസമയം, വാഹനം പൊളിച്ച് പുതിയത് വാങ്ങുന്നവര്‍ക്ക് നിലവിലുള്ള ഓഫറുകള്‍ക്ക് പുറമെ 25,000 രൂപ വരെയുള്ള അധിക ഡിസ്‌ക്കൗണ്ട് നല്‍കുമെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വാഹന വിലയില്‍ 4-6 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. വാഹനം പൊളിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ തുകയിലും ഇളവ് ലഭിക്കും. പുതിയ വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവുകള്‍ വരുത്താനും സംസ്ഥാനങ്ങള്‍ക്ക് കഴിയും.
Next Story
Videos