കുതിക്കാന്‍ ഇവി വിപണി, ടോപ് 10 ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ഇവരാണ്

2022 കാത്തിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിച്ചുചാട്ടമായിരിക്കുമെന്നാണ് വിപണി വിലയിരുത്തല്‍. സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ( എസ്എംഇവി) പറയുന്നത് 2022ല്‍ ഒരു മില്യണ്‍ വാഹനങ്ങള്‍ വിറ്റുപോകുമെന്നാണ്. അതില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളായിരിക്കും എന്നാണ് സംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് വിവിധ കമ്പനികള്‍ നേടിയ വില്‍പ്പനയ്ക്ക് തുല്യമായിരിക്കും ഈ വര്‍ഷത്തെ നേട്ടമെന്നും ഇവര്‍ പറയുന്നു.

2021ല്‍ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 132 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2020ല്‍ 1,00,736 യൂണീറ്റായിരുന്നെങ്കില്‍ 2021ല്‍ 2,33,971 യൂണീറ്റുകളാണ് വില്‍പ്പന നേടിയത്. 25 കി.മീറ്ററില്‍ അധികം വേഗതയുള്ള, ഉപയോഗിക്കാന്‍ ലൈസന്‍സ് ആവശ്യമുള്ള ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പന ഇക്കാലയളവില്‍ 425 ശതമാനമാണ് വര്‍ധിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത, വേഗത കുറഞ്ഞ സ്‌കൂട്ടറുകളുടെ വില്‍പ്പന കുറയുകയാണ്.
ടോപ്പ് 10 ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍
  • 2021 ജനുവരി മുതല്‍ ഡിസംബര്‍വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ഹീറോ ഇലക്ട്രിക് ആണ്. 34 ശതമാനമാണ് ഹീറോയുടെ വിപണി വിഹിതം. 46,214 യൂണീറ്റുകളാണ് ഹീറോ കഴിഞ്ഞ വര്‍ഷം വിറ്റത്. 22 ശതമാനം വിപണി വിഹിതവുമായി ഒക്കിനാവയാണ് രണ്ടാമത്. ഒക്കിനാവയുടെ 29,868 സ്‌കൂട്ടറുകളാണ് 2021ല്‍ വിറ്റുപോയത്.
  • വിപണി വിഹിതത്തില്‍ 12 ശതമാനം സ്വന്തമായുള്ള ഏഥര്‍ ആണ് മൂന്നാം സ്ഥാനത്ത്. ഹീറോ, ഒക്കിനാവ, ഏഥര്‍ എന്നിവര്‍ക്കുമാത്രമാണ് രണ്ടക്ക വിപണി വിഹിതമുള്ളത്. 15,836 സ്‌കൂട്ടറുകളാണ് ഏഥര്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. യഥാക്രമം 9 % , 8% വിപണി വിഹിതമുള്ള ആംപിയറും പ്യുവറും ആണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
  • ഇവി വിഭാഗത്തില്‍ ഓരോ മോഡലുകള്‍ വീതം അവതരിപ്പിച്ച പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസിന് 4 ശതമാനവും ബജാജിന് 3 ശതമാനവുമാണ് വിപണി വിഹിതം. സെഗ്മെന്റില്‍ ബൈക്കുകള്‍ അവതരിപ്പിക്കുന്ന ഏക കമ്പനി റിവോള്‍ട്ട് 4,687 യൂണീറ്റുകള്‍ വിറ്റഴിച്ചു. ബെന്‍ലിംഗ് ഇന്ത്യ (4,421, ജിതേന്ദ്ര ന്യൂ ഇവി (1,930) എന്നിവയാണ് എസ്എംഇവി പുറത്തിറക്കിയ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റ് രണ്ട് നിര്‍മാതാക്കള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it