ഇന്ത്യയിലെ അഞ്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഏതൊക്കെ?

ചെലവ് കുറവായതിനാലും പരിസ്ഥിതി സൗഹൃദമായതിനാലും ഏവര്‍ക്കും ഇപ്പോള്‍ പ്രിയം ഇലക്ട്രിക് വാഹനങ്ങളോടാണ്. അതുകൊണ്ട് തന്നെ വാഹന നിര്‍മാണ കമ്പനികളും ഇലക്ട്രിക്ക് പാതയിലേക്ക് തിരിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇറക്കുന്ന ഇന്ത്യയിലെ അഞ്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കളെ നമുക്ക് പരിചയപ്പെട്ടാലോ ?


ടാറ്റാ മോട്ടോര്‍സ്

ഇനി വരാനിരിക്കുന്നത് ഇലക്ട്രിക്ക് വാഹനങ്ങളുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ ടാറ്റാ നേരത്തെ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ടാറ്റ ടൈഗോര്‍ ഇവി, ടാറ്റ ടിയാഗോ ഇവി, ടാറ്റ നാനോ ഇവി (ജയം നിയോ), ടാറ്റ ഇ വിഷന്‍ എന്നീ വാഹനങ്ങളുടെ ഇലക്ട്രിക്ക് പതിപ്പ് കമ്പനി ഇതിനകം പുറത്തിറക്കുകയും ചെയ്തു.

ഹീറോ ഇലക്ട്രിക്ക്

ഇന്ത്യന്‍ ബൈക്ക് രംഗത്ത് നിറസാന്നിധ്യമായ ഹീറോ ഇലക്ട്രിക്ക് രംഗത്തേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യം തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിലേക്ക് മാറുമ്പോള്‍ ടു വീലര്‍ മേഖലയില്‍ ഹീറോയുടെ സംഭാവന വളരെ വലുതാണ്. ഇതിന്റെ ഭാഗമായി ഹീറോ ഇലക്ട്രിക് ഫോട്ടോണ്‍, ഹീറോ ഇലക്ട്രിക് ഒപ്റ്റിമ പ്ലസ്, ഹീറോ ഇലക്ട്രിക് എന്‍വൈഎക്‌സ്, ഹീറോ ഇലക്ട്രിക് ഫ്‌ലാഷ് തുടങ്ങിയവയാണ് ഹിറോ പുറത്തിറക്കിയിട്ടുള്ളത്.

മഹീന്ദ്ര ഇലക്ട്രിക്ക്

ഇന്ത്യയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ക്രമാനുഗതമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ മഹീന്ദ്രയുടെ പങ്കും എടുത്തുപറയേണ്ടിയിരിക്കുന്നു. മഹീന്ദ്ര ഇതിനകം തന്നെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ മഹീന്ദ്ര ഇലക്ട്രിക്ക് മൂന്ന് വാഹനങ്ങളാണ് വിപണിയിലെത്തിച്ചത്. മഹീന്ദ്ര ഇ 2 ഒ പ്ലസ്, മഹീന്ദ്ര ഇ-വെരിറ്റോ, മഹീന്ദ്ര ഇ-സുപ്രോ.

ഒക്കിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്

ചെറിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കാളായി മാറാന്‍ ഒക്കിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. ഇതുവരെ 3 ഇലക്ട്രിക് ബൈക്കുകളാണ് ഈ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഓകിനാവ പ്രൈസ്, ഓകിനാവ റിഡ്ജ്, ഓകിനാവ റിഡ്ജ് പ്ലസ് (ലിഥിയം അയണ്‍).

ആമ്പിയര്‍ വെഹിക്കിള്‍

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ആമ്പിയര്‍ വെഹിക്കിള്‍. തദ്ദേശീയമായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിച്ച് വിപണിയിലിറക്കുകയാണ് കമ്പനി ചെയ്യുന്നത്. ആമ്പിയര്‍ വി 48, റിയോ ലി-അയോണ്‍ എന്നിവയാണ് ഇവയുടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ആമ്പിയര്‍ വി 48 ന്റെ എക്സ്ഷോറൂം വില 38,000 രൂപയും റിയോ ലി-അയോണിന്റെ വില 46,000 രൂപയുമാണ്. ഈ രണ്ട് ഇലക്ട്രിക് ബൈക്കുകളുടെയും ഉയര്‍ന്ന വേഗത 25 കിലോമീറ്റര്‍ ആണ.്


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it