ഇന്ത്യയിലെ ടോപ് 6 ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇവയാണ്

മാര്‍ച്ച് മാസത്തെ വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ ഇലക്ട്രിസ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഹീറോ ഇലക്ട്രിക് ആധിപത്യം തുടരുകയാണ്. മാര്‍ച്ച് മാസത്തില്‍ 13,023 സ്‌കൂട്ടറുകളാണ് ഹീറോ ഇലക്ട്രിക് വിറ്റത്. 9,121 സ്‌കൂട്ടറുകളുമായി ഓല ഇലക്ട്രിക് ആണ് രണ്ടാമത്. മുന്‍മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍, ബുക്ക് ചെയ്യാവുന്ന സ്‌കൂട്ടറുകളുടെ എണ്ണം ഓല വര്‍ധിപ്പിച്ചിരുന്നു.

ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. 8,284 സ്‌കൂട്ടറുകള്‍ വിറ്റ ഓക്കിനാവ ഓട്ടോടെക്ക് ആണ് വില്‍പ്പനയില്‍ മൂന്നാമത്. ആംപിയര്‍ വെഹിക്കിള്‍സ് ( 6,338), ക്ലാസിക്ക് ലെജന്‍ഡ് (4,234) ഏതര്‍ എനര്‍ജി ( 2,222) എന്നിവയാണ് മാര്‍ച്ച് മാസ വില്‍പ്പനയില്‍ നാല് മുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളില്‍.

2021-22 സാമ്പത്തിക വര്‍ഷത്തെ ആകെ വില്‍പ്പനയിലും 28.23 ശതമാനം വിപണി വിഹിതവുമായി ഹീറോ ഇലക്ട്രിക് തന്നെയാണ് മുന്നില്‍. 65,303 സ്‌കൂട്ടറുകളാണ് ഹീറോ ഇക്കാലയളവില്‍ വിറ്റത്. മുന്‍വര്‍ഷം 14,771 യൂണീറ്റ് സ്‌കൂട്ടറുകള്‍ മാത്രമായിരുന്നു കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചത്. വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനം ഒക്കിനാവോ ഓട്ടോടെക്കിനാണ്. 2021-22 കാലയളവില്‍ 20.08 ശതമാനം ആയിരുന്നു ഒക്കിനാവോയുടെ വിപണി വിഹിതം.

ആംപിയര്‍ വെഹിക്കില്‍ ( 10.65 ശതമാനം), ഏതര്‍ എനര്‍ജി (8.63 ശതമാനം) എന്നിവയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി വിഹിതത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍. 2021-22 കാലയളവില്‍ 14,371 സ്‌കൂട്ടറുകള്‍ വിറ്റ ഓലയുടെ വിപണി വിഹിതം 6.21 ശതമാനം ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്താകെ 429,217 യൂണീറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്. ഈ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന എട്ടുലക്ഷം യൂണീറ്റായി കുത്തനെ ഉയരുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ പ്രതീക്ഷ.

Related Articles
Next Story
Videos
Share it