

കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി, ഹീറോ, ടാറ്റ, ബജാജ്, ഹ്യുണ്ടായ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ പ്ലാന്റുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയാണെന്ന് അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.
തന്റെ 45 വര്‍ഷക്കാലത്തെ അനുഭവത്തിനിടയില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ജോണ്‍ കെ.പോള്‍ പറയുന്നു. ''പ്രകൃതിദുരന്തങ്ങളോ മറ്റോ ഉണ്ടായാല്‍ പ്രാദേശികമായി പ്ലാന്റുകള്‍ അടയ്ക്കാറുണ്ടെന്നല്ലാതെ ലോകം മുഴുവന്‍ ബാധിക്കുന്ന ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഇതാദ്യമായാണ്. വലുതും ചെറുതുമായ സ്ഥാപനങ്ങളെല്ലാം ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന ആശങ്കയിലാണ്. പക്ഷെ നിരാശപ്പെട്ടതുകൊണ്ട് സാഹചര്യത്തെ നമുക്ക് മാറ്റാനാകില്ലല്ലോ. നിലനില്‍ക്കാന്‍ ഇനിയെന്ത് ചെയ്യണം എന്ന് മാത്രമേ ചിന്തിക്കാനുള്ളു.'' ജോണ്‍ കെ.പോള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് ഉള്‍പ്പടെ ആഗോളതലത്തിലുള്ള എല്ലാ നിര്‍മാണ പ്ലാന്റുകളും ജീവനക്കാരുടെ സുരക്ഷയെക്കരുതി മാര്‍ച്ച് 31 വരെ അടച്ചുപൂട്ടുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹനനിര്‍മാതാവായ ഹീറോ മോട്ടോര്‍കോര്‍പ്പ് അറിയിച്ചു. അതുപോലെ മാരുതിയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗുരുഗ്രാം, മനേസര്‍, ഹരിയാന എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതായി അറിയിച്ചു.
കൂടാതെ മഹീന്ദ്രയുടെ നാഗ്പൂര്‍, ചക്കാന്‍, കാണ്ടിവാലി എന്നിവിടങ്ങളിലെ പ്ലാന്റുകളും അടച്ചു. ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബീല്‍സ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിറുത്തുകയാണെന്ന് അറിയിച്ചു.
ഗ്രേറ്റര്‍ നോയ്ഡ, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ നിര്‍ത്തുകയാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ സപ്ലയര്‍മാരെയും മറ്റും അറിയിച്ചു.
എത്രകാലം പ്ലാന്റുകള്‍ അടച്ചിടേണ്ടിവരുമെന്നത് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ ആശ്രയിച്ചായിരിക്കുമെന്ന് വാഹനനിര്‍മാതാക്കള്‍ പറയുന്നു. കൊറോണ ഭീതിയും സാമ്പത്തികമാന്ദ്യവും ചേര്‍ന്നുവന്ന സാഹചര്യത്തില്‍ വാഹനവിപണിയിലെ ഇടിവ് ഏതാനും മാസങ്ങള്‍ കൂടി തുടരാനുള്ള സാധ്യത തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ ഉല്‍പ്പാദനം തല്‍ക്കാലത്തേക്ക് നിറുത്തിവെക്കുന്നതുകൊണ്ട് വിപണിയില്‍ വാഹനങ്ങളുടെ ദൗര്‍ലഭ്യമുണ്ടാകാന്‍ സാധ്യതകളില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine