ടൊയോട്ടയും മാരുതി സുസുക്കിയും; പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പങ്കാളികള്‍

ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ നമ്മള്‍ പല കൂട്ടുകെട്ടുകളും കണ്ടിട്ടുണ്ട്. ടാറ്റ- ഫോക്‌സ് വാഗണ്‍, ഫോര്‍ഡ്- മഹീന്ദ്ര, റിനോ- മഹീന്ദ്ര തുടങ്ങിയവയൊക്കെ വാഹന വിപണി ഉറ്റുനോക്കിയ കൂട്ടുകെട്ടുകളായിരുന്നു. എന്നാല്‍ ഇവയൊന്നും വിജയിച്ചില്ല. കുറച്ചുകൂടി പിന്നോട്ട് പോയാല്‍ വിദേശ കമ്പനികളുടെ മോഡലുകള്‍ ഇന്ത്യയില്‍ വിതരണത്തിനെത്തിച്ച് പരാജയപ്പെട്ടവരും ഉണ്ട്.

ഈ പശ്ചാത്തലത്തിലാണ് മാരുതി സുസുക്കിയുടെയും ടൊയോട്ടയുടേയും സഹകരണം വ്യത്യസ്തമാവുന്നത്. തങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച കമ്പനികളില്‍ നിന്ന് തീര്‍ച്ചയായും ഇരുവരും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവാം. 2019 ജൂണ്‍ 6ന് ആണ് ആദ്യമായി സുസുക്കിയുടെ ഒരു മോഡല്‍(ബലേനോ) ടൊയോട്ട റീബാഡ്ജ് ചെയ്ത് ഇറക്കുന്നത്. തൊട്ടടുത്ത വര്‍ഷം അര്‍ബന്‍ ക്രൂയിസര്‍ എന്ന പേരില്‍ വിറ്റാര ബ്രസയും എത്തി. മറ്റ് വിപണികളില്‍ ബെല്‍റ്റ എന്ന പേരില്‍ സിയാസും ടൊയോട്ട ഇറക്കുന്നുണ്ട്.

സുസുക്കിയുടെ വാഹനങ്ങള്‍ റീബ്രാന്‍ഡ് ചെയ്യുക എന്നതില്‍ ഉപരി ഇരു കമ്പനികളും തമ്മിലുള്ള സഹകരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ബ്രസയുടെ ഏറ്റവും പുതിയ മോഡല്‍ ഇരുകമ്പനികളും ചേര്‍ന്ന് പുറത്തിറക്കുന്ന മോഡലാണ്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരിലാണ് ടൊയോട്ട ഈ മോഡല്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ടൊയോട്ട എത്തിക്കുന്ന ആദ്യ മിഡ്‌സൈസ് എസ്‌യുവി എന്ന പ്രത്യേകതയും ബ്രസയുടെ ടൊയോട്ട പതിപ്പിന ഉണ്ട്.

പരസ്പരമുള്ള സഹകരണം ഇരു കമ്പനികള്‍ക്കും വലിയ നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. ജാപ്പനീസ് കമ്പനികളായതുകൊണ്ട് തന്നെ സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള ഇടപാടുകളൊക്കെ ഉന്നത തലത്തില്‍ ആയിരിക്കും. ഇന്ത്യയിലെ ചെറു കാര്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ടൊയോട്ടയ്ക്ക് സുസുക്കിയുടെ സഹകരണം ആവശ്യമാണ്. അതേപോലെ സുസുക്കിക്ക് ഇന്ത്യയില്‍ നേട്ടമാവുക ടൊയോട്ടയുടെ ഹൈബ്രിഡ്-ഇലക്ട്രിക് ടെക്‌നോളജിയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it