വശ്യ സുന്ദര യാത്ര മോഹിക്കുന്നവർക്ക് ക്യാമ്റിയെ കൂടെ കൂട്ടാം!

ഇന്ന് എസ്.യു.വികളെക്കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ കാണുന്നത്. എന്നാല്‍ എസ്.യു.വിയേക്കാളും സിഡാന്‍ മോഡല്‍ ഇഷ്ടപ്പെടുന്നവരും ഇവിടെയുണ്ട്. അവരത് ഇഷ്ടപ്പെടുന്നത് അതിന്റെ ആഢ്യത്വംനിറഞ്ഞ വടിവൊത്ത ഭംഗി കാരണമാണ്. ഈ രൂപത്തെ മാറ്റിനിര്‍ത്താന്‍ എന്തായാലും എസ്.യു.വിക്കോ അഥവാ മറ്റു ബോഡി മാതൃകക്കോ കഴിയുകയും ഇല്ല. ഇത്തരം ബോഡി മാതൃകയില്‍ സുപ്രധാനമായി നില്‍ക്കുന്ന ഒന്നാണ് എക്സിക്യൂട്ടീവ് സിഡാന്‍ എന്ന വിഭാഗം. ഇതിലെ ഒരു പ്രധാനപ്പെട്ട മോഡലാണ് ടൊയോട്ട ക്യാമ്റി ഹൈബ്രിഡ്. ഈ കാറിനെ പരിചയപ്പെടാം.

ശരിയായ ഹൈബ്രിഡ്
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ വേള്‍ഡ് കാര്‍ എന്നറിയപ്പെടുന്ന മോഡല്‍ കൊറോളയാണെങ്കില്‍, രണ്ടാമത്തെ വേള്‍ഡ് മോഡലായി അറിയപ്പെടുന്നത് ക്യാമ്റിയാണ്. ഇതിനു കാരണം ക്യാമ്റിയുടെ വ്യത്യസ്ത വിപണിയിലുള്ള സാമീപ്യമാണ്.
അമേരിക്ക മുതല്‍ ഏഷ്യന്‍ വിപണി വരെ എല്ലായിടത്തും ക്യാമ്റി കാണാം. ഈ ലോക കാറിന്റെ V70 എന്ന പുത്തന്‍ തലമുറ ക്യാമ്റിയാണിത്. പുതിയ ക്യാമ്റിയുടെ ഏറ്റവും വലിയ സവിശേഷത ആയിട്ടുള്ളത് ഇതിന്റെ ഹൈബ്രിഡ് പവര്‍ട്രെയിനാണ്. അതായത് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നിട്ടുള്ള മിശ്രിതം.
2487 സിസി നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും അതിനോടു ചേര്‍ന്ന് 88 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഇതില്‍ വരുന്നത്. 218 പി.എസ് കരുത്തുള്ള ഈ മിശ്രിതം സിവിടി ഗിയര്‍ബോക്സിനോട് ഘടിപ്പിച്ചിട്ടുണ്ട്. റീച്ചാര്‍ജ് ചെയ്യുന്ന ബാറ്ററിയായതു കൊണ്ട് തന്നെ പൂര്‍ണ ഇലക്ട്രിക്കായിട്ടും പെട്രോളിലായിട്ടും ക്യാമ്റി ഓടിക്കാന്‍ സാധിക്കും.
രണ്ടും കൂടിച്ചേര്‍ന്നാല്‍ 23 കിലോമീറ്ററാണ് ഇന്ധനക്ഷമത വാഗ്ദാനം നല്‍കുന്നത്. ഈ സാങ്കേതികവിദ്യ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനു പുറമെ, മലിനീകരണം കുറയ്ക്കാനും സഹായകരമാണ്. ഇത് അധികം കേടുവരുന്ന മൈല്‍ഡ് ഹൈബ്രിഡ് പോലെ അല്ല. മറിച്ച്, ശരിയായ ഹൈബ്രിഡ് സിസ്റ്റമായതുകൊണ്ട്, ഇലക്ട്രിക്ക് കാറുകളിലേക്ക് കാലെടുത്തു വെക്കുന്നതിനു മുമ്പ് ഒരു സ്റ്റെപ്പാണ് ഇത്തരം കാറിലൂടെ ലഭിക്കുന്നത്.
സ്റ്റാറ്റസ് കാക്കുന്ന കാര്‍
ക്യാമ്റി പോലൊരു കാര്‍ വാങ്ങുന്ന വ്യക്തിക്ക്, തന്റെ സ്റ്റാറ്റസിനൊത്ത ആകര്‍ഷണീയത താന്‍ ഉപയോഗിക്കുന്ന കാറിനും വേണമെന്നുണ്ടാകും. അതിന് അനുയോജ്യമായ ഡിസൈന്‍ തന്നെയാണ് പുതിയ ക്യാമ്റിക്കായി ടൊയോട്ട നല്‍കിയിരിക്കുന്നത്.
തന്റെ ആഡംബര സഹോദരങ്ങളായ ലെക്സസിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള എലഗന്റ് രൂപമാണ് ഇതിലുള്ളത്. മുന്‍വശം ടൊയോട്ടയുടെ വ്യത്യസ്ത ഭാവമാണെങ്കില്‍ വശങ്ങള്‍ക്ക് ആഡംബരപൂര്‍ണായ പ്രപോഷനാണ് നല്‍കിയിട്ടുള്ളത്. പിന്‍വശം മറ്റുള്ള ടൊയോട്ട കാറുകളില്‍ നിന്ന് വളരെ വ്യത്യസ്ത ഭാവത്തിലാണ്.
ഏതൊരു എക്സിക്യൂട്ടീവ് സിഡാന്‍ കാറിന്റെ ഉടമസ്ഥനും അധികസമയം ചെലവഴിക്കാറുള്ളത് ഉള്ളിലാണ് എന്നതിനാല്‍, ഉള്‍വശം ആഡംബര പൂര്‍ണമാക്കുന്നതില്‍ ടൊയോട്ട വിജയിച്ചിട്ടുണ്ട്. മെറ്റീരിയലുകളുടെ ഉഗ്രന്‍ ഗുണനിലവാരവും സുഖകരമായി യാത്രചെയ്യാവുന്ന സീറ്റുകളും മറ്റു ഫീച്ചറുകളും ക്യാമ്റിയെ അടുത്ത തലത്തിലുള്ള കാറുകളിലേക്ക് ഉയര്‍ത്തുന്നുണ്ട്. ഈ കാറില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത് പിന്‍സീറ്റിലെ ചാരാവുന്നതും ലെഗ് സ്പേസ് കൂട്ടാവുന്നതുമായ ഫീച്ചറുകളുമാണ്. 41.20 ലക്ഷവും 41.35 ലക്ഷം രൂപയുമാണ് ക്യാമ്റിയുടെ എക്സ് ഷോറൂം വില വരുന്നത്.


Related Articles
Next Story
Videos
Share it