

ലാന്‍ഡ് ക്രൂസര്‍ ലൈനപ്പില്‍ മറ്റൊരു കിടിലന്‍ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മാതാവായ ടൊയോട്ട. കോംപാക്ട് എസ്.യു.വി വലിപ്പത്തില്‍ ലാന്‍ഡ് ക്രൂസര്‍ എഫ്.ജെ എന്ന പേരിലാണ് പുതിയ താരത്തിന്റെ വരവ്. 70 വര്‍ഷത്തെ പാരമ്പര്യമുള്ള ലാന്‍ഡ് ക്രൂസര്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി. അതും വിപണിയില്‍ ഏറെ തരംഗമുണ്ടാക്കിയ എഫ്.ജെ ക്രൂസറിന്റെ പേരില്‍. ലാന്‍ഡ് ക്രൂസര്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.
തലമുറകളുടെ പാരമ്പര്യമുള്ള ലാന്‍ഡ് ക്രൂസര്‍ സീരിസിന്റെ പകിട്ടൊന്നും പോയിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന വിധമാണ് ഡിസൈന്‍. ടൊയോട്ടയുടെ ഐ.എം.വി സീരീസിലുള്ള പ്ലാറ്റ്‌ഫോമിലാണ് കുട്ടി ലാന്‍ഡ് ക്രൂസറിന്റെ നിര്‍മാണം. ടൊയോട്ടയുടെ എല്‍.സി 70 സീരീസിന് സമാനമായ ഓഫ്‌റോഡ് ശേഷി കുട്ടി ലാന്‍ഡ് ക്രൂസറിനുണ്ടെന്നാണ് കമ്പനി പറയുന്നത്. എല്‍.സി 250 സീരീസ് മോഡലിനേക്കാള്‍ വലിപ്പം കുറവാണ്. റൗണ്ട് ഹെഡ്‌ലൈറ്റിലും ബോക്‌സി ഹെഡ് ലൈറ്റിലുമുള്ള രണ്ട് മോഡലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഓഫ്‌റോഡ് വാഹനങ്ങള്‍ക്കുള്ളപോലെ മുന്നിലും പിന്നിലും കിടിലന്‍ ബമ്പറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ടെയില്‍ ഗേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പെയര്‍ വീല്‍ വാഹനത്തിന് പക്കാ ഓഫ്‌റോഡ് ലുക്ക് നല്‍കുന്നുണ്ട്. ഉപയോക്താവിന്റെ ആവശ്യാനുസരണം നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.
വാഹനത്തിന്റെ ഇന്റീരിയര്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ഔദ്യോഗിക ലോഞ്ചിന് ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍ നിലവിലെ സൂചനകള്‍ പ്രകാരം മള്‍ട്ടി ലെയറിലുള്ള ഡാഷ്ബോര്‍ഡ്, 12.5 ഇഞ്ച് വലുപ്പമുള്ള ഫ്രീ-സ്റ്റാന്‍ഡിങ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, കിടിലന്‍ സ്റ്റിയറിങ് വീല്‍ എന്നിവ വാഹനത്തിലുണ്ടാകും. ഡാഷ്‌ബോര്‍ഡില്‍ ചില ഫിസിക്കല്‍ ബട്ടണുകളും നല്‍കുമെന്നാണ് കരുതുന്നത്.
2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 160 എച്ച്.പി കരുത്തും 245 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഇവനാകും. ഇന്ത്യയില്‍ അടക്കം നിരവധി വിപണികളില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നീ മോഡലുകളില്‍ ഇതിനോടകം നല്ലപേര് വാങ്ങിയ എഞ്ചിനാണിത്. ഓഫ് റോഡ് കീഴടക്കാനുള്ള കരുത്ത് പകരാന്‍ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സാകും വാഹനത്തിലുണ്ടാവുക.
ഒക്ടോബര്‍ 30ന് നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ വാഹനം പ്രദര്‍ശിപ്പിക്കും. അടുത്ത വര്‍ഷം പകുതിയോടെ ജപ്പാനിലാകും വാഹനം വിപണിയിലെത്തുക. തുടര്‍ന്ന് മറ്റ് വിപണികളിലേക്കും വാഹനമെത്തും. ഇന്ത്യയിലേക്ക് വാഹനം എപ്പോള്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കോപാംക്ട് എസ്.യു.വികള്‍ക്ക് ഡിമാന്‍ഡുള്ള ഇന്ത്യന്‍ വിപണിയില്‍ കുട്ടി ലാന്‍ഡ് ക്രൂസര്‍ വില്‍ക്കാന്‍ കമ്പനിക്ക് ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine