ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി ടൊയോറ്റ, വില 17.18 ലക്ഷം രൂപ മുതല്‍

ഉത്സവ സീസണോടനുബന്ധിച്ച് തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷനുമായി ടൊയോറ്റ. ഈ ഉത്സവ സീസണില്‍ മോഡലിനെ ആകര്‍ഷണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൊയോറ്റ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 17.18 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 18.99 ലക്ഷം രൂപയുമാണ് ലിമിറ്റഡ് എഡിഷന്റെ അടിസ്ഥാനവില.

കൂടാതെ, ഇന്നോവ ക്രിസ്റ്റയുടെ ഈ പുതിയ ലിമിറ്റഡ് എഡിഷന്‍ വേരിയന്റില്‍ ജിഎക്‌സ് ട്രിമ്മില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ സവിശേഷതകളും ലഭ്യമാകും. മള്‍ട്ടി-ടെറൈന്‍ മോണിറ്റര്‍ (360 ഡിഗ്രി ക്യാമറ), ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ഒരു ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഡാഷ്ബോര്‍ഡിലെ വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 16 കളര്‍ ഓപ്ഷനുകളുള്ള പുതിയ ഡോര്‍ ആംബിയന്റ് ലൈറ്റിംഗ്, എയര്‍ അയോണൈസര്‍ എന്നിവയാണ് ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ ഒരുക്കിയിരിക്കുന്ന സവിശേഷതകള്‍. ഇതിന് പുറമെ, ജിഎക്‌സ് ട്രിമ്മിലുള്ള ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ട് ഉള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് ഫോള്‍ഡിംഗ് ഒആര്‍വിഎം, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവയും ഈ മോഡലില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയില്‍ അവതരിപ്പിച്ച സ്റ്റാന്‍ഡേര്‍ഡ് ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റ് മോഡലിന് സമാനമായ രൂപത്തിലാണ് ലിമിറ്റഡ് എഡിഷന്‍ ഉപഭോക്താക്കളിലെത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ലഭ്യമായ അതേ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 166 എച്ച്പി, 2.7 ലിറ്റര്‍ യൂണിറ്റാണ്. ഡീസല്‍ എഞ്ചിന്‍ 150 എച്ച്പി, 2.4 ലിറ്റര്‍, നാല് സിലിണ്ടര്‍ യൂണിറ്റാണ്. രണ്ട് എഞ്ചിനുകളും 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയില്‍ ലഭ്യമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it