ഹൈക്രോസിന് നീണ്ട ക്യൂ; ബുക്കിംഗ് നിര്‍ത്തി ടൊയോട്ട

ഇന്നോവയുടെ ഏറ്റവും പുത്തന്‍ മോഡലായ ഹൈക്രോസിനായി ടൊയോട്ടയുടെ ഷോറൂമുകളില്‍ ഉപയോക്താക്കളുടെ തിരക്ക്. ഡിമാന്‍ഡ് പ്രതീക്ഷകളെയും മറികടന്നതോടെ ഈ ഹൈബ്രിഡ് മോഡലിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് തത്കാലം നിര്‍ത്തിയിരിക്കുകയാണ് ടൊയോട്ട. ബുക്കിംഗിന് അനുസരിച്ചുള്ള മോഡലുകള്‍ വിതരണം ചെയ്യാന്‍ വിതരണശൃംഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് കാരണം. നിലവില്‍ തന്നെ, ബുക്ക് ചെയ്ത മോഡല്‍ കൈയില്‍ കിട്ടാന്‍ രണ്ടുവര്‍ഷം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

പ്രിയം ടോപ്പ് മോഡലിന്
ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് കഴിഞ്ഞ ഡിസംബറിലാണ് ടൊയോട്ട വിപണിയിലെത്തിച്ചത്. ഹൈക്രോസിന്റെ ഇസഡ്.എക്‌സ് (ZX), ഇസഡ്.എക്‌സ് (ZX-O) ഓപ്ഷണല്‍ മോഡലുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നതാണ് ടൊയോട്ട തത്കാലം നിര്‍ത്തിയത്. ഇവയ്ക്കാണ് പ്രിയം കൂടുതല്‍. മറ്റ് വകഭേദങ്ങളുടെ ബുക്കിംഗ് തുടര്‍ന്നും സ്വീകരിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നോവ ഹൈക്രോസ്
എം.പി.വിയുടെ സൗകര്യങ്ങളോടെയുള്ള എസ്.യു.വിയെന്ന് ഇന്നോവ ഹൈക്രോസിനെ (Toyota Innova Hycross) വിശേഷിപ്പിക്കാം. സി.വി.ടി ട്രാന്‍സ്മിഷനോട് കൂടിയ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, ഇലക്ട്രിക് മോട്ടോറും ചേര്‍ന്നുള്ള ടി.എന്‍.ജി.എ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് ഇന്നോവ ഹൈക്രോസിനുള്ളത്. 18.55 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. എം.ജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് അല്‍കാസര്‍ എന്നിവയാണ് വിപണിയിലെ എതിരാളികള്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it