ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് വില പരിഷ്‌കരിച്ച് ടൊയോട്ട; ബുക്കിംഗ് തുടങ്ങി, പുതിയ വില ഇങ്ങനെ

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് സെഡ്.എക്‌സ്, സെഡ്.എക്‌സ് (ഓ) വേരിയന്റുകളുടെ ബുക്കിംഗ് പുനരാരംഭിച്ചു. അതേസമയം, ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നവിധം ഹൈക്രോസ് ഹെബ്രിഡിന്റെ വിലയും ടൊയോട്ട വര്‍ധിപ്പിച്ചിട്ടുണ്ട്.

വര്‍ധന ഒരു ശതമാനം

ഇന്നോവ ഹൈക്രോസ് സെഡ്.എക്‌സ്, സെഡ്.എക്‌സ് (ഓ) വേരിയന്റുകള്‍ക്ക് ഒരു ശതമാനം വിലവര്‍ധനയാണുണ്ടായത്. അതായത് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് നിലവില്‍ 25.97 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. വില വര്‍ധനയെത്തിയതോടെ വേരിയന്റ് അനുസരിച്ച് ഇന്നോവ ഹൈക്രോസിന് 15,000-30,000 രൂപ അധിക വില നല്‍കണം. അതേസമയം ഈ വാഹനത്തിന്റെ നോണ്‍-ഹൈബ്രിഡ് വേരിയന്റുകളുടെ വില 19.77-19.82 ലക്ഷം രൂപ എന്ന നിലയില്‍ തന്നെ തുടരുമെന്ന് കമ്പനി അറിയിച്ചു.

സവിശേഷതകള്‍ ഏറെ

ഇന്നോവ ഹൈക്രോസിന് 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, അല്ലെങ്കില്‍ 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുന്നത്. ഇതില്‍ 173 bhp കരുത്തില്‍ 209 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിന്‍ 184 bhp പവറാണ് നല്‍കുന്നത്. ഇ-ഡ്രൈവ് ട്രാന്‍സ്മിഷനുമായാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വരുന്നത്. പുത്തന്‍ ഇന്നോവ ഹൈക്രോസ് 7, 8-സീറ്റ് കോണ്‍ഫിഗറേഷനുകളിലാകും എത്തുക. മോഡലില്‍ എല്‍.ഇ.ഡി ഫോഗ് ലാമ്പുകള്‍, റിയര്‍ വിന്‍ഡോ ഡിമിസ്റ്റര്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍, സോഫ്റ്റ്-ടച്ച് ഡാഷ്ബോര്‍ഡ്, പിന്നില്‍ റെട്രാക്ടബിള്‍ സണ്‍ഷേഡ്, 360 ഡിഗ്രി ക്യാമറ എന്നിവ ലഭിക്കും.

ഇടവേളയ്ക്ക് ശേഷം

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടൊയോട്ട ഹൈക്രോസ് വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ടോപ്പ്-സ്‌പെക്ക് ഹൈബ്രിഡ് വേരിയന്റുകളുടെ വിതരണത്തിനാണ് മുന്‍ഗണന നല്‍കിയത്. ഇവയ്ക്ക് മികച്ച ഡിമാന്‍ഡും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിതരണ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രണ്ടിന് വേരിയന്റുകളുടെ ബുക്കിംഗ് താല്‍ക്കാലികമായി കമ്പനി നിറുത്തിവച്ചിരുന്നു. ഇതിന് ശേഷമാണ് കമ്പനി ഇപ്പോള്‍ ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നത്.

Related Articles

Next Story

Videos

Share it