വില വര്‍ധിപ്പിച്ച് ടൊയോറ്റ: ബാധകമാകുന്നത് ഈ മോഡലിന് മാത്രം

ടൊയോറ്റയുടെ ജനപ്രിയ മോഡലായ ക്രിസ്റ്റയുടെ വില ഉയര്‍ത്തി. ഈ മോഡലിന്റെ വിലയില്‍ രണ്ട് ശതമാനത്തോളം വര്‍ധനവ് വരുത്തിയതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വ്യക്തമാക്കി. വില വര്‍ധനവ് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്‍പുട്ട് ചെലവുകളിലെ ഗണ്യമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ ഈ വര്‍ധനവ് ആവശ്യമാണ്. ഞങ്ങളുടെ മൂല്യവത്തായ ഉപഭോക്താക്കളില്‍ ഉണ്ടായ ആഘാതം കണക്കിലെടുത്ത് കുറഞ്ഞതോതിലാണ് വില വര്‍ധിപ്പിക്കുന്നതെന്ന് ബെംഗളൂരു ആസ്ഥാനമായ വാഹന നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഉപഭോക്തൃ കേന്ദ്രീകൃത കമ്പനി എന്ന നിലയില്‍, ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവിന്റെ ആഘാതം കുറയ്ക്കുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ രാജ്യത്തെ പല കമ്പനികളും അവരുടെ മോഡലുകളില്‍ വില വര്‍ധന നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യത്തില്‍ മാരുതി സുസുകി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it