നിരത്തു കീഴടക്കാന്‍ ടൊയോട്ടയുടെ 'കുഞ്ഞന്‍ ഇന്നോവ'

മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ (badge engineering exercise) നിരവധി മോഡലുകളാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്. അതില്‍ ഏറ്റവും പുതിയതായിരുന്നു കഴിഞ്ഞ മാസമെത്തിയ മാരുതി സുസുകി ഇന്‍വിക്‌റ്റോ. ഇപ്പോള്‍ വീണ്ടും മാരുതിയുടെ മറ്റ് രണ്ട് വാഹനങ്ങള്‍ റീബാഡ്ജ് ചെയ്യാന്‍ ഒരുങ്ങുകയാണ് ടൊയോട്ട.

മാരുതി സുസുക്കിയുടെ വിവിധോദ്ദേശ്യ വാഹനമായ (Multi-Purpose Vehicle /MPV) എര്‍ട്ടിഗയും കോംപാക്റ്റ് ക്രോസ് ഓവറായ ഫ്രോന്‍ക്‌സുമാണ് ടൊയോട്ടയുടെ ലോഗോയുമണിഞ്ഞ് ഇനി നിരത്തിലോടുക. ഈ വര്‍ഷം തന്നെ ഈ രണ്ടു മോഡലുകളും വിപണിയിലെത്തിയേക്കും.

കുഞ്ഞന്‍ 'ഇന്നോവ'യാകുമോ റൂമിയന്‍?

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ റൂമിയന്‍ എന്ന പേരില്‍ എര്‍ട്ടിഗയുടെ ബാഡ്ജ് എന്‍ജിനീയറിങ് പതിപ്പ് ടൊയോട്ട വിറ്റഴിക്കുന്നുണ്ട്. ഇന്നോവയുടെ ചെറുപതിപ്പ് എന്ന രീതിയിലാകും റൂമിയന്‍ ഇന്ത്യയിലേക്കെത്തുക. നിലവിലെ അതേ സ്‌പെസിഫിക്കേഷനിലാകും പുതിയ മോഡലുമെന്നാണ് അറിയുന്നത്. റൂമിയന്റെ നെയിംപ്ലേറ്റ് ഇന്ത്യയിലും ടൊയോട്ട ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതേ പേരില്‍ തന്നെ ഇന്ത്യയിലുമവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

വലിയ മാറ്റങ്ങളില്ല

കാഴ്ചയില്‍ വലിയ മാറ്റമില്ലെങ്കിലും പ്ലാസ്റ്റിംഗ് ഭാഗങ്ങളില്‍ ചില സ്‌റ്റൈലിംഗ് ചേരുവകളോടെയാണ് റൂമിയന്‍ അവതരിപ്പിച്ചത്. പരിഷ്‌കരിച്ച ഫോഗ് ലാമ്പുകളോടു കൂടി പുതിയ ബമ്പര്‍, ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ ഗ്രില്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയറിലെ മാറ്റം. അകത്തളങ്ങളില്‍ സില്‍വര്‍ ആക്‌സന്റ് സഹിതമുള്ള കറുപ്പ് തീമാണ് റൂമിയനിലുള്ളത്. ഡാഷ്‌ബോര്‍ഡില്‍ കാഴ്ചയില്‍ തടിയെന്നു തോന്നിപ്പിക്കുന്ന സ്ട്രിപ്പുകളും ധാരാളമുണ്ട്. അതേസമയം, എര്‍ട്ടിഗയില്‍ ബീജ് നിറത്തിലാണ് അകത്തളങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മാരുതിയുടെ 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ പുതിയ എം.പി.വിയിലും തുടര്‍ന്നേക്കാം. 103 എച്ച്.പി കരുത്തും 137 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യും. 5 സിപീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളാണ് ട്രാന്‍സ്മിഷന്‍ സാധ്യതകള്‍. എര്‍ട്ടിഗയെ പോലെ തന്നെ ടൊയോട്ട പതിപ്പിലും ഫാക്ടറി ഫിറ്റഡ് സി.എന്‍.ജി കിറ്റ് ഉണ്ടായിരിക്കും.

ഫ്രോന്‍ക്‌സ് ദീപാവലിക്ക്

മാരുതിയുടെ ഫ്രോന്‍ക്‌സിന്റെ ടൊയോട്ട പതിപ്പ് ദീപാവലിയോടുകൂടി വിപണിയിലെത്തുമെന്നാണ് അറിയുന്നത്. ടൊയോട്ടയുടെ ബാഡ്ജും ബംബറിലും ലൈറ്റിംലുമുള്ള ചില മാറ്റങ്ങളും ഒഴിച്ചാല്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് അറിയുന്നത്. ഡാഷ്ബോര്‍ഡില്‍ നിറം മാറ്റം പ്രതീക്ഷിക്കാം. ബാക്കി എല്ലാം ഇരുമോഡലുകളിലും സമാനമായിരിക്കും. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനായിരിക്കും പെട്രോള്‍, സി.എന്‍.ജി പതിപ്പുകളിലുണ്ടാകുക.

'കടം' കൊണ്ട മോഡലുകള്‍

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും ഇരു കമ്പനികളും പരസ്പരം കൈമാറുന്നുണ്ട്. നിലവില്‍ പ്രീമിയം ഹാച്ച് ബാക്കായ ബലേനോയെ 'ഗ്ലാന്‍സ' എന്ന പേരിലും കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രസയെ 'അര്‍ബന്‍ ക്രൂസര്‍' എന്ന പേരിലും ടൊയോട്ട വയ്ക്കുന്നുണ്ട്. കഴിഞ്ഞ മാസം മാരുതി സുസുക്കി പുറത്തിറക്കിയ 'ഇന്‍വിക്‌റ്റോ' ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് പതിപ്പാണ്.

Related Articles
Next Story
Videos
Share it