മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും ടൊയോട്ടയുടെ വെല്ലുവിളി; വരുന്നു പുത്തന്‍ എസ്.യു.വി
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പുതിയ മിഡ്സൈസ് എസ്.യു.വി ഇന്ത്യന്‍ വിപണിയിലേക്ക്. ആഗോള മാര്‍ക്കറ്റില്‍ വില്‍പ്പനയിലുള്ള കൊറോള ക്രോസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ കാര്‍ നിര്‍മിക്കുക. 7 സീറ്റര്‍ ആയി എത്തുന്ന ഈ വാഹനം നിലവില്‍ '340D' എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. 2025-2026ല്‍ കമ്പനി ഇത് പുറത്തിറക്കിയേക്കും. പ്രാരംഭ വില ഏകദേശം 14 ലക്ഷം രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്.
മഹീന്ദ്ര എക്‌സ്.യു.വി.700, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയ്ക്ക് എതിരാളിയായാകും ടൊയോട്ടയുടെ പുതിയ മിഡ്സൈസ് എസ്.യു.വി എത്തുക. 7 സീറ്റര്‍ കാര്‍ ആയതിനാല്‍ വലിയ അംഗസംഖ്യയുള്ള കുടുംബങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഇന്ത്യയില്‍ പ്രതിവര്‍ഷം 60,000 പുതിയ മിഡ്സൈസ് എസ്.യു.വി കമ്പനി നിര്‍മ്മിച്ചേക്കും. ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധ്യതയുണ്ട്. പുതിയ മോഡലിന്റെ വരവ് വില്‍പ്പന വീണ്ടും ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
നിര്‍മാണം പുതിയ പ്ലാന്റില്‍
ടൊയോട്ടയ്ക്ക് നിലവില്‍ ഇന്ത്യയില്‍ രണ്ട് വാഹന നിര്‍മാണശാലകളാണുള്ളത്. ബാംഗ്ലൂരിനടുത്തുള്ള ബിദാദിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്. ടൊയോട്ടയുടെ മൂന്നാമത്തെ പ്ലാന്റും ഇവിടെ തന്നെ സ്ഥാപിച്ചേക്കും. ഈ പുതിയ പ്ലാന്റിലായിരിക്കും പുതിയ മിഡ്സൈസ് എസ്.യു.വിയുടെ നിര്‍മാണം. പുതിയ പ്ലാന്റ് എത്തുന്നതോടെ ഉത്പാദന ശേഷി പ്രതിവര്‍ഷം 4 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താനാണ് ടൊയോട്ട പദ്ധതിയിടുന്നത്.