വില കുറഞ്ഞ ഇ-കാറുമായി ടൊയോട്ട-സുസുക്കി

സാധാരണക്കാര്‍ക്ക് താങ്ങവുന്ന വിലയില്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാന്‍ ടൊയോട്ടയും സുസുക്കിയും ഒന്നിക്കുന്നു. മാരുതി സുസുക്കി ഇന്ത്യയാണ് ഇരുകമ്പനികളും തമ്മിലുള്ള പദ്ധതിയെ നയിക്കുന്നത്. 2024 അവസാനമോ 2025 ആദ്യമോ കാറുകള്‍ വിപണിയിലെത്തും. ടൊയോട്ട-സുസുക്കി ബാഡ്ജിങ് ആയിരിക്കും കാറുകള്‍ക്ക് നല്‍കുക. പ്രതിവര്‍ഷം എല്ലാ മോഡലുകളുടെയും 114,000 യൂണീറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ യൂറോപ്പിലേക്കും തായ്‌ലൻ്റിലേക്കും കയറ്റുമതി ചെയ്യും.

10 ലക്ഷം രൂപയ്ക്ക് താഴെ വിലവരുന്ന ഇ-കാറുകളാണ് ലക്ഷ്യമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു. ജനപ്രിയ മോഡലായ വാഗണ്‍-ആറിൻ്റെ ഇലക്ട്രിക് പതിപ്പ് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 2018 മുതല്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടയും സഹകരിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മാരുതി സുസുക്കിയുടെ ബലേനോ, ബ്രസ തുടങ്ങിയ മോഡലുകള്‍ ടൊയോട്ട പേരുമാറ്റി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു.
നിലവില്‍ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ഇ-കാറുകള്‍ രാജ്യത്ത് ലഭ്യമല്ല. ടൊയോട്ട-സുസുക്കിയുടെ വിലകുറഞ്ഞ കാറുകള്‍ എത്തുകയാണെങ്കില്‍ ടാറ്റ ഉള്‍പ്പടെയുള്ളവര്‍ 10 ലക്ഷത്തിന് താഴെയുള്ള മോഡലുകള്‍ അവതരിപ്പിക്കേണ്ടി വരും. ഇപ്പോള്‍ ഈ വിഭാഗത്തില്‍ മേധാവിത്വമുള്ള ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില ആരംഭിക്കുന്നത് 11.99 ലക്ഷം രൂപമുതലാണ്. ഹ്യൂണ്ടായിയും കൂടുതല്‍ ഇ-മോഡലുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയില്‍ രാജ്യത്ത് 94,000 കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.


Related Articles
Next Story
Videos
Share it