കുഞ്ഞന്‍ കാര്‍, വിലയും കുറവ്; ടൊയോട്ടയുടെ ടൈസര്‍ എത്തി

വാഹന ലോകത്തെ വമ്പന്മാരായ ടൊയോട്ട ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ പുറത്തിറക്കി. മാരുതി ഫ്രോന്‍ക്‌സിന്റെ റീബാഡ്ജ്ഡ് വേര്‍ഷനാണ് ടൈസര്‍. 7.74 ലക്ഷം രൂപയാണ് എക്‌സ് ഷോറും വില. 13.04 ലക്ഷം രൂപയാണ് പരമാവധി വില വരുന്നത്. ടൊയോട്ടയുടെ ഇന്ത്യയിലിറങ്ങിയ എസ്‌.യു.വികളില്‍ ഏറ്റവും ചെറിയ മോഡലാണ് ടൈസര്‍.

മാരുതി ഫ്രോന്‍ക്‌സിനെ അപേക്ഷിച്ച് അല്പം വില കൂടുതലാണ് ടൈസര്‍ മോഡലുകള്‍ക്ക്. 7.5 ലക്ഷം മുതല്‍ ഫ്രോന്‍ക്‌സിന്റെ വില ആരംഭിക്കുമ്പോള്‍ ടൈസറിന്റെ തുടക്കം 7.73 ലക്ഷം രൂപ മുതലാണ്. ഫ്രോന്‍ക്‌സുമായി ദൃശ്യപരമായി വലിയ വ്യത്യാസങ്ങളില്ലെങ്കിലും ഫ്രണ്ട് ലുക്കില്‍ കൂടുതല്‍ പുതുമ കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ടൊയോട്ട ടൈസറിന്റെ പിന്‍ഭാഗം

ഇന്റീരിയറിലും അപ്ഹോള്‍സ്റ്ററിയിലും ചെറിയ നിറം മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ടൊയോട്ട കൂടുതല്‍ ദൈര്‍ഘ്യമേറിയ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്.

സുരക്ഷയ്ക്ക് പ്രാധാന്യം

എല്‍ഇഡി ഹെഡ് ലാമ്പുകളിലെ അപ്‌ഡേഷന്‍, പുതുക്കി പണിത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയെല്ലാം ടൈസറിനെ ഫ്രോന്‍ക്‌സില്‍ നിന്നും വ്യത്യസ്തമാക്കുന്നു. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി ആറ് എയര്‍ബാഗുകളും സജ്ജീകരിച്ചിട്ടുണ്ട്. 9 ഇഞ്ച് സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ എന്നിവയും ടൈസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മാനുവലിന് ലിറ്ററിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 20.01 കിലോമീറ്റര്‍ മൈലേജുമാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലസ് ചാര്‍ജര്‍, 6 സ്പീക്കറുകള്‍ ഉള്‍പ്പെടുന്ന സൗണ്ട് സിസ്റ്റം, ഹെഡ് അപ് ഡിസ്‌പ്ലേ എന്നിവയും പ്രത്യേകതകളാണ്. വിപണിയില്‍ നിന്ന് പിന്‍വലിച്ച അര്‍ബന്‍ ക്രൂസറിന് പകരമാണ് കോപാക്ട് എസ്.യു.വി വിഭാഗത്തിലേക്ക് ടൈസറിനെ അവതരിപ്പിച്ചിരിക്കുന്നത്.

ടൈസറിന്റെ മുന്നില്‍ നിന്നുള്ള ദൃശ്യം

വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച കമ്പനി ഇവയുടെ ഡെലിവറിയും ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വ്യക്തമാക്കി. സി.എന്‍.ജി മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വില ആരംഭിക്കുന്നത് 8.71 ലക്ഷം മുതലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാരുതിയുടെ ഫ്രോന്‍ക്സിനോട് തന്നെയാകും അര്‍ബന്‍ ക്രൂസറിന്റെ മുഖ്യ മത്സരം. കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ വരുന്ന നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്സ്.യു.വി300 എന്നിവയും വെല്ലുവിളി ഉയര്‍ത്തും. മാരുതി സുസുക്കിയുമായി ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാമത്തെ വാഹനമാണ് ടൈസര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it